ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: പണമിടപാട് സംഘത്തിൽപ്പെട്ട മഹാരാഷ്ട്ര സ്വദേശികളെ കാറിൽ തട്ടിക്കൊണ്ടുവന്ന് മർദ്ദിച്ച് വീട്ടുതടങ്കലിട്ടു.
ഞായർ രാത്രി 8 മണിയോടെ പരിയാരം പോലീസ് സ്റ്റേഷനിൽ കണ്ണൂരിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയ പോലീസ് സംഘം, പരിയാരം ഇരിങ്ങലിൽ ഒരു കാർ കണ്ടെത്തുകയും സമീപത്തെ നിസാമിന്റെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച രണ്ട് മഹാരാഷ്ട്ര സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയും മോചിപ്പിച്ചു.
സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട കാഞ്ഞങ്ങാട് ആവിക്കര സ്വദേശി നിസാറിനെ ഇന്ന് പുലർച്ചെയോടെ പിടികൂടി നാട്ടുകാർ പരിയാരം പോലീസിന് കൈമാറി. കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ദുരൂഹതയേറിയ സാഹചര്യത്തിൽ അക്രമത്തിനിരയായവരെ ക്വാറന്റൈയിൻ കേന്ദ്രത്തിലെത്തിച്ച് പോലീസ് മൊഴിയെടുക്കാൻ ശ്രമം നടത്തിവരികയാണ്. മൊഴിയിൽ വൈരുദ്ധ്യമേറിയതോടെ കുഴൽപ്പണ സംഘമാണ് ഇവരെന്ന സൂചനയാണ് പുറത്തു വരുന്നത്.
സംഘം മുംബൈയിൽ നിന്നും ഗോവ വഴിയാണ് കണ്ണൂരിലെത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിരോധിച്ച നോട്ടുകളുടെ ഇടപാടു സംഘമാണ് പോലീസ് വലയിലായതെന്നാണ് സൂചന. മഹാരാഷ്ട്ര സ്വദേശികളുടെ പണവും സ്വർണ്ണാഭരണങ്ങളും ഏ.ടി.എം കാർഡുകളും തട്ടിയെടുത്തതായി ഇവർ പോലീസിനോട് പറഞ്ഞു.
ഒരു കാറും രണ്ട് ബൈക്കുകളും പരിയാരം പോലീസ് കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ ഈ തട്ടിക്കൊണ്ടു വരൽ സംഭവത്തിലുണ്ടായ ദുരൂഹത നീക്കാൻ സാധിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.