യുവതിയുടെ പണയ സ്വർണ്ണം അർബൻ ബാങ്കിലില്ല

കാഞ്ഞങ്ങാട്: അജാനൂർ തെക്കേപ്പുറം അർബൻ ബാങ്കിൽ 2 ലക്ഷം രൂപയുടെ സ്വർണ്ണാഭരണം പണയപ്പെടുത്തിയിട്ടുണ്ടെന്ന അഞ്ജാത യുവതി ചെറുവത്തൂരിലെ എസ്ആർ ഗോൾഡുടമയോട് പറഞ്ഞത് പച്ചക്കള്ളം. ഈ ബാങ്കിൽ അജ്ഞാത യുവതി ഒരു തരി സ്വർണ്ണം പോലും പണയപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉറപ്പായിട്ടുണ്ട്. കെട്ടുകഥയുണ്ടാക്കി എസ്ആർ ജ്വല്ലറിയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുക്കൽ തന്നെയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് ഇതോടെ കണ്ടെത്തി.

2 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവർ മനോജിനെ യുവതിയോടൊപ്പം കാഞ്ഞങ്ങാട്ടേക്കയച്ചത് ജ്വല്ലറിയുടമ സജ്ഞയ് ആണെങ്കിലും, യുവതി പണം തട്ടിയെടുത്തത് അജാനൂർ അർബൻ ബാങ്കിലായതിനാലും, ഈ തട്ടിപ്പിനിരയായ പരാതിക്കാരൻ ഓട്ടോ ഡ്രൈവർ മനോജായതിനാലും, നാലു ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാത്രി 8-30 മണിയോടെ സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് എഫ്ഐ ആർ റജിസ്റ്റർ ചെയ്തു. പണവുമായി യുവതി വെളുത്ത സ്വിഫ്റ്റ് ഡിസയർ കാറിൽ കടന്നുപോയതിന് ദൃക്സാക്ഷിയാണ് മനോജ്. കാർ അർബൻ ബാങ്കിന് മുന്നിൽ നിന്ന് ചിത്താരി ഭാഗത്തേക്ക് ഓടിപ്പോയ ഉടൻ ഓട്ടോ ഡ്രൈവർ മനോജ് ബേക്കൽ സബ് ഇൻസ്പെക്ടറെ ഫോണിൽ വിളിച്ച് വെള്ള സ്വിഫ്റ്റ് കാറിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു.

അന്നുതന്നെ ഹൊസ്ദുർഗ് പോലീസിലെത്തിയ എസ്ആർ ഗോൾഡുടമ സജ്ഞയ് സംഭവത്തിൽ പരാതി നൽകിയെങ്കിലും, എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടത് ചന്തേര പോലീസിലാണോ, ഹൊസ്ദുർഗ് പോലീസിലാണോ എന്ന സാങ്കേതികത്വം ഉയർന്നുവന്നതിനാലാണ് ഈ പണം തട്ടിപ്പുനാടകത്തിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയത്. എന്നിരുന്നാലും ജ്വല്ലറിയിലേയും, അർബൻ ബാങ്കിലേയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ കഴിഞ്ഞ രണ്ടുദിവസമായി പോലീസ് പരിശോധിച്ചു വരികയാണ്. യുവതിയെ തിരിച്ചറിയാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇന്നലെ ഹൊസ്ദുർഗ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ഓട്ടോ ഡ്രൈവർ മനോജിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.കെ. മണി ഇന്നലെ രാത്രി രേഖപ്പെടുത്തി. അജാനൂർ മൻസൂർ ആശുപത്രി മുതൽ ബേക്കൽ വരെ കെഎസ്ടിപി പാതയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.  സ്ത്രീയെ ഉപോയഗിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത തട്ടിപ്പാണ് ചെറുവത്തൂർ ടൗണിലും കാഞ്ഞങ്ങാട്ടും അരങ്ങേറിയത്.

LatestDaily

Read Previous

ബ്ലേഡ് സുനിലിന് കൗൺസിലറുടെ സംരക്ഷണം

Read Next

ഷാർജയിൽ 83 കോടി തട്ടിയ തൃക്കരിപ്പൂർ സ്വദേശിക്ക് തെരച്ചിൽ