മലയാള സിനിമകളെ പിന്തള്ളി കേരളത്തിൽ ‘പഠാന്‍റെ’ വിജയക്കുതിപ്പ്; എലോണിനു മോശം പ്രതികരണം

കോവിഡ് കാലത്ത് തിരിച്ചടി നേരിട്ട ബോളിവുഡ് ഇൻഡസ്ട്രിയെ ‘പഠാന്‍’ എന്നൊരൊറ്റ സിനിമയിലൂടെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കിംഗ് ഖാൻ. അതും നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവിലൂടെ. ഉത്തരേന്ത്യൻ തിയേറ്ററുകളിൽ പ്രളയം സൃഷ്ടിച്ച ചിത്രം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കുകയാണ്. പ്രത്യേകിച്ചും കേരളത്തിൽ.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ബോളിവുഡ് ചിത്രം കാണാനായി കേരളത്തിലെ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുന്നത്. ഷാരൂഖ് ഖാൻ ആരാധകർ കൂടുതലുള്ള സ്ഥലമാണ് കേരളം. ആദ്യ ദിവസം തന്നെ പോസിറ്റീവ് പബ്ലിസിറ്റി ലഭിച്ചതിനാൽ വാരാന്ത്യത്തിൽ ചിത്രത്തിന് നിരവധി ഹൗസ്‌ഫുൾ ഷോകൾ ലഭിച്ചു. കൂടാതെ പല കേന്ദ്രങ്ങളിലും അധിക ഷോകൾ ചേർത്തു. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള. കേരളത്തിൽ 105 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ സ്ക്രീനുകളിൽ നിന്നെല്ലാം ചിത്രം 10 കോടിയിലധികം നേടിയതായി ശ്രീധർ പിള്ള പറയുന്നു.

ഒരേ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ എത്തിയ നിരവധി മലയാള ചിത്രങ്ങളേക്കാൾ കൂടുതൽ കളക്ഷൻ പഠാന്‍ നേടിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. പഠാന്‍റെ വരവിന് തൊട്ടടുത്ത ദിവസം റിലീസ് ചെയ്ത ഷാജി കൈലാസ്- മോഹൻലാൽ ചിത്രം ‘എലോൺ’ ബോക്സോഫീസിൽ മോശം പ്രതികരണമാണ് നേടിയത്. ആദ്യ നാല് ദിവസം കൊണ്ട് 68 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയതെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ പറയുന്നു. ലിജോയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ബോക്സോഫീസിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല.

K editor

Read Previous

ബജറ്റ്; നികുതി സ്ലാബിൽ ഇളവ്, സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തെ പലിശരഹിത വായ്പ

Read Next

ലക്ഷ്യം സീറോ കാര്‍ബണ്‍ എമിഷൻ; കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ മാറ്റും