ബസിടിച്ച് വഴിയാത്രികന്റെ മരണം; പ്രതിയെ സഹായിച്ചവരുടെ പക്കൽ സ്റ്റേറ്റ് നമ്പർപ്ലേറ്റ്

തോപ്പുംപടി: തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശി ഇ.എ അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടമ്പലം സ്വദേശി എൻ.എ.റഫ്സൽ (30) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറിൽ നിന്ന് ‘കേരള സ്റ്റേറ്റ്-12’ എന്ന് എഴുതിയ രണ്ട് ചുവന്ന ബോർഡുകളും കണ്ടെടുത്തു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അജാസ് എന്നയാളുടെ കാറായിരുന്നു അത്.

സംഭവത്തിന് ശേഷം ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിന് സഹായിച്ച കുറ്റത്തിനുമാണ് കേസ്. കേരള സ്റ്റേറ്റ് ബോർഡ് ദുരുപയോഗം ചെയ്തതിനും കേസെടുത്തിട്ടുണ്ട്.

എട്ടാം തീയതിയാണ് അപകടം നടന്നത്. വഴിയാത്രക്കാരനായ ലോറൻസ് വർഗീസിനെ അമിതവേഗത്തിൽ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കുറ്റക്കാരനായ ഡ്രൈവറെ പൊലീസിന് പിടികൂടാനായില്ല. ഇതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. ഡ്രൈവറുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

K editor

Read Previous

ചെരിപ്പിൽ തുന്നിച്ചേർത്തും സിബ്ബിനോട് ചേർത്തുവെച്ചും കൊച്ചിയിൽ സ്വർണക്കടത്ത്

Read Next

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ