പാർട്ടിഗ്രാമത്തിൽ പാർട്ടി അംഗത്വം പുതുക്കാതെ ഒരു കുടുംബം

കാഞ്ഞങ്ങാട്: പാർട്ടി ഗ്രാമമായ അതിയാമ്പൂരിൽ പാർട്ടി അംഗത്വം പുതുക്കാതെ ഒരു കുടുംബം.

മുൻ നഗരസഭ കൗൺസിലർ ലീലയുടെ ഭർത്താവും സഹോദരിമാരും ഭർത്താവിന്റെ ബന്ധുക്കളുമടക്കം ഇരുപതോളം പേരുൾപ്പെട്ട കുടുംബമാണ് അതിയാമ്പൂരിൽ സിപിഎം അഗത്വം പുതുക്കാതെ കഴിഞ്ഞ രണ്ടു വർഷമായി പ്രതിഷേധത്തിലുള്ളത്.

അതിയാമ്പൂര് വാർഡിൽ നിന്ന് എതിരില്ലാതെ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ലീലയെ 2 വർഷം മുമ്പ് കുഞ്ഞുണ്ണി എന്ന യുവാവ് മദ്യലഹരിയിൽ പരസ്യമായി മർദ്ദിച്ചിരുന്നു.

മർദ്ദന സംഭവത്തിൽ പാർട്ടി നേതൃത്വം കുഞ്ഞുണ്ണിക്കൊപ്പം നിന്നതാണ് സ്വഭാവികമായും ലീലയുടെ കുടുംബത്തെ ചൊടിപ്പിച്ചത്. ലീലയുടെ ഭർത്താവ് രാജനും ആയ നാൾ മുതൽ സജീവ പാർട്ടി പ്രവർത്തകനായിരുന്നു. കുഞ്ഞുണ്ണിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും അതിയാമ്പൂര് വാർഡ് കൗൺസിലറുമായ വി.വി. രമേശൻ ഇടപെട്ടുവെന്ന ആരോപണവും ഒരു വർഷം മുമ്പ് ഉയർന്നിരുന്നു.

മർദ്ദന സംഭവത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്ന് മതിയായ നീതി ലഭിച്ചില്ലെന്ന് ബല്ലാ രാജൻ-ലീല ദമ്പതികൾക്ക് ഇപ്പോഴും പരാതിയുണ്ട്.

തൽസമയം, പാർട്ടിയുടെ സജീവ പ്രവർത്തകൻ അതിയാമ്പൂരിലെ ആൽബർട്ടിന്റെ മകനാണ് ലീലയെ ആക്രമിച്ച കുഞ്ഞുണ്ണി.

അതുകൊണ്ടുതന്നെ കുഞ്ഞുണ്ണിക്കെതിരായ പാർട്ടി നടപടി ഇഴയുകയും ചെയ്തു. അടുത്തെത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീല-രാജൻ കുടുംബത്തിൽപ്പെട്ട ഇരുപതു പേരും വോട്ട് ബഹിഷ്കരിക്കുമെന്ന് സൂചനയുണ്ട്.

അതിയാമ്പൂര് വാർഡിൽ നഗരസഭ തെരഞ്ഞെടുപ്പിൽ ഈ കുടുംബത്തിന്റെ  20 വോട്ടുകൾ പോൾ ചെയ്തില്ലെങ്കിലും, സ്ഥാനാർത്ഥി പരാജയപ്പെടില്ലെന്ന് പോയ കാല തെരഞ്ഞെടുപ്പു വിജയങ്ങളും ഉറപ്പിക്കുന്നു.

നഗരസഭ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഇത്തവണ സിപിഎം കണ്ടുവെച്ചിട്ടുള്ളത് റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരി, വി.വി. പ്രസന്നകുമാരിയാണ്.  പ്രായം എഴുപതോടടുത്തുവെന്നതാണ് പ്രസന്നകുമാരിക്ക് നേരിയ ഒരു പോരായ്മയായി കാണുന്നതെങ്കിലും, ഇവർ ഇപ്പോഴും പൊതു രംഗത്ത് സജീവമാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് –നീലേശ്വരം നഗരസഭകളിൽ ഒന്ന് എസ് സി ചെയർമാൻ

Read Next

ഭർതൃമതിയെ പീഡിപ്പിച്ച 5 പേർക്കെതിരെ കേസ്