ബേബിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം പി.ബേബിയുടെ സർക്കാർ പദവി പാർട്ടി അറിഞ്ഞില്ല

നീലേശ്വരം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനാർത്ഥിയായി മടിക്കൈയിൽ നിന്ന് മൽസരിക്കുന്ന പി. ബേബിയുടെ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പദവി നാളിതുവരെ അതീവ രഹസ്യമായിരുന്നു. ബേബി, ഇത്തവണ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് മൽസരിക്കാൻ ജില്ലാ വരണാധികാരിയായ കാസർകോട് ജില്ലാ കലക്ടർക്ക് കഴിഞ്ഞ ദിവസം നാമനിർദ്ദേശപ്പത്രിക സമർപ്പിച്ചപ്പോൾ, ബേബിയുടെ രാഷ്ട്രീയ എതിരാളി ചെറുവത്തൂരിലെ ശ്രീജയാണ് ബേബി സർക്കാരിൽ നിന്ന് ധനം ചിലവഴിച്ച് പ്രവർത്തിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൽ അംഗമാണെന്ന വസ്തുത പുറത്തു വന്നത്.

സർക്കാറിൽ നിന്ന് ഏത് വഴിയും പുറത്തേക്ക് വരുന്ന ധനം പ്രതിഫലമായി കൈപ്പറ്റുന്ന ഒരാൾക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ലെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടമാണ്. ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡംഗ പദവി പി. ബേബി രാജിവെച്ചത് 2020 ആഗസ്ത് 16-നാണ്. ഇത്തരം പദവികൾ 30 ദിവസം മുമ്പ് രാജിവെക്കണമെന്നതാണ് തിരഞ്ഞെടുപ്പ് ചട്ടം.

ഒക്ടോബർ 16-ന് ബേബി പദവി രാജിവെക്കാൻ കാരണം, മാസത്തിൽ 15 നാൾ കഴിഞ്ഞ് 16-ാം ദിവസം ജുവനൈൽ ബോർഡിൽ തുടർന്നാൽ ഒക്ടോബർ മാസത്തെ മുഴുവൻ ശമ്പളവും കൈപ്പറ്റാൻ സാധിക്കുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗത്വം രാജിവെച്ചുവെന്ന് പി. ബേബി നാമനിർദ്ദേശപ്പത്രികയിൽ എഴുതിക്കൊടുത്തതല്ലാതെ, ബേബിയുടെ രാജി ജുവനൈൽ ബോർഡ് അംഗീകരിച്ച കത്ത് ബേബി ജില്ലാ കലക്ടർ മുമ്പാകെ ഹാജരാക്കിയിട്ടില്ല. യുഡിഎഫ് മുന്നണിയിലുള്ള സിപിഎം പ്രവർത്തകയായ ശ്രീജയാണ് ബേബിയുടെ നാമനിർദ്ദേശപ്പത്രികയെവരണാധികാരി മുമ്പാകെ എതിർത്തത്.

എതിർപ്പ് വകവെക്കാതെ വരണാധികാരി, ബേബിയുടെ പത്രിക കൈനീട്ടി സ്വീകരിക്കുകയും ചെയ്തു. ഈ പത്രിക സ്വീകരിച്ച ജില്ലാ കലക്ടറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ശ്രീജ കോടതിയിലെത്തിയാൽ, എതിർപ്പ് ഉന്നയിച്ചിട്ടും, ബേബിയുടെ പത്രിക സ്വീകരിച്ച ജില്ലാ കലക്ടർ പ്രതിക്കൂട്ടിലാകും. താൻ രഹസ്യമാക്കി വെച്ച ജുനൈൽ ജസ്റ്റിസ് പദവി എതിരാളികളുടെ ക്യാമ്പിലെത്തിച്ചത് മടിക്കൈ ഗ്രാപഞ്ചായത്തിന്റെ മുൻ അധ്യക്ഷനാണെന്ന് ബേബി ഇതിനകം സ്വകാര്യമായി ആരോപണമുന്നയിച്ചിട്ടുണ്ട്.

ബേബിയുടെ ആരോപണത്തിൽ താൻ നിസ്സഹായനാണെന്ന് പാർട്ടി ജില്ലാ നേതാവു കൂടിയായ മുൻ പഞ്ചായത്ത് അധ്യക്ഷൻ പറയുന്നു. പി. ബേബിക്ക് നേരത്തെ തന്നെ പാർട്ടിയിൽ പത്ത് പദവികളുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡംഗം പദവി പാർട്ടിയിൽ തന്നെ പലരും അറിയുന്നത്, ബേബി കഴിഞ്ഞ ദിവസം വരണാധികാരിക്ക് മുന്നിൽ നാമനിർദ്ദേശപ്രത്രിക സമർപ്പിച്ചപ്പോഴും, ഈ പത്രികയെ എതിർസ്ഥാനാർത്ഥി എതിർത്തപ്പോഴുമാണ്. പെരിയേടത്ത് ബേബിക്കെതിരെ മടിക്കൈ പാർട്ടിയിൽ ശക്തമായ പടയൊരുക്കം തുടങ്ങിയിട്ടുണ്ട് പതിനൊന്നോളം പദവികളിൽ പി. ബേബിയെ പ്രതിഷ്ഠിച്ചതിന് പിന്നിലുള്ള ബലമുള്ള കൈകൾ ആരുടേതാണെന്ന് സധൈര്യം ചോദിക്കുകയാണ് മടിക്കൈയിലെ ചിന്തിക്കുന്ന പാർട്ടി പ്രവർത്തകർ.

LatestDaily

Read Previous

പതിനാറുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

Read Next

നടിയെ ആക്രമിച്ച കേസ്സിൽ പ്രദീപ് കോട്ടത്തല അറസ്റ്റിൽ