വി.വി.രമേശന്റെ ഭൂമി പാർട്ടി അറിഞ്ഞില്ല

കാഞ്ഞങ്ങാട്: സിപിഎം ജില്ലാ കമ്മിറ്റി അംഗം കാഞ്ഞങ്ങാട്ടെ വി. വി. രമേശൻ ബിനാമി പേരിൽ വാങ്ങിക്കൂട്ടിയ സ്വത്തുക്കളെക്കുറിച്ച് പാർട്ടി ജില്ലാ നേതൃത്വത്തിന് യാതൊരു അറിവുമില്ല. പാർട്ടി ജില്ലാകമ്മിറ്റി അംഗം മാത്രമല്ല, പാർട്ടിയിൽ ഒരു സാധാരണ അംഗമായാൽപ്പോലും, ഭൂമി വാങ്ങുമ്പോഴും, വീട് പണിയുമ്പോഴും പാർട്ടിയെ അറിയിക്കണമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ഭരണഘടന അനുശാസിക്കുന്ന കർശന നിർദ്ദേശമാണ്.

ഇക്കാര്യം ഏറെ നന്നായി അറിയാവുന്ന മുൻ നഗരസഭാ ചെയർമാൻ കൂടിയായ വി. വി. രമേശൻ കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിൽ 2013 വർഷം മുതൽ ഒന്നിന് പിറകെ ഒന്നായി വാങ്ങിക്കൂട്ടിയത് 30 സെന്റ് ഭൂമിയാണ്. ഭാര്യാ സഹോദരൻ ഒമാനിലുള്ള അനിൽ കുമാർ ചേനമ്പത്താണ് വി. വി. രമേശന്റെ ഭൂമി വ്യാപാരത്തിൽ എക്കാലത്തെയും ബിനാമി. ഇപ്പോൾ മകൾ ഡോ. ഏ. ആർ. ആര്യയും രമേശന്റെ ബിനാമികളിൽ ഉൾപ്പെട്ടു. ഭാര്യ അനിത ചേനമ്പത്തിന്റെ സഹോദരനാണ് മസ്ക്കറ്റിൽ ജോലിയുള്ള അനിൽകുമാർ.

അനിൽകുമാറിനെ ബിനാമിയാക്കി കഴിഞ്ഞ 10 വർഷക്കാലമായി ഹൊസ്ദുർഗ്ഗ് താലൂക്കിൽ 6.5 കോടി രൂപ വിലമതിക്കുന്ന ഭൂമി രമേശൻ വാങ്ങിയിരുന്നു. കാഞ്ഞങ്ങാടിന്റെ തീരപ്രദേശമായ കല്ലംചിറയിൽ രമേശൻ ബിനാമി പേരിൽ വാങ്ങിയ വീടും പറമ്പും വിൽപ്പന നടത്തിയത് അടുത്ത നാളിലാണ്.  2013-ൽ കാഞ്ഞങ്ങാട് വില്ലേജിൽ കൊവ്വൽസ്റ്റോർ പാൽ വിതരണ സഹകരണ സംഘം കെട്ടിടത്തിന് 200 മീറ്റർ പടിഞ്ഞാറ് മാറി ആദ്യം 12 സെന്റ് ഭൂമിയാണ് അനിൽകുമാറിനെ ബിനാമിയാക്കി വി. വി. രമേശൻ വാങ്ങിയത്.

പിന്നീട് ഈ ഭൂമിയിലേക്ക് കടന്നു പോകാൻ ഭൂമിയുടെ പടിഞ്ഞാറുഭാഗത്ത് കൂടിയുള്ള ടാർ റോഡിൽ നിന്ന് 8 സെന്റ് ഭൂമി കൂടി സ്വന്തമാക്കി. അതിന് ശേഷം 2019 ജൂൺ ഏഴിന് ഈ ഭൂമിയോട് തൊട്ടുരുമ്മി നിൽക്കുന്ന 11.3/4 സെന്റ് ഭൂമി രമേശൻ വാങ്ങിയത്, മകൾ ഡോ. ഏ. ആർ. ആര്യയെ ബിനാമിയാക്കിയാണ്. ഈ 11.3/4 സെന്റ് ഭൂമിക്ക് പ്രസ്തുത സ്ഥലത്ത് 19,4661 രൂപ സർക്കാർ നിശ്ചയിച്ച വില തന്നെ ഏ. ആർ. ആര്യയുടെ പേരിലുള്ള ആധാരത്തിൽ കാണിച്ചപ്പോൾ, ഭൂമി ആര്യക്ക് വിൽപ്പന നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയർ ഭാസ്്ക്കരൻ മകൻ കെ. ശരത്കുമാറും ആര്യയും തമ്മിലുള്ള ഇടപാട് 9 ലക്ഷം രൂപയ്ക്കാണെന്ന് ആധാരത്തിൽ പ്രത്യേകം എഴുതിപ്പിടിപ്പിച്ചത് പാർട്ടി നേതൃത്വത്തെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്.

49 ലക്ഷം രൂപ മൊത്തവില ഏത് കണ്ണുപൊട്ടനും കൊടുക്കുന്ന ഈ ഭൂമിക്ക് 9 ലക്ഷം രൂപ മാത്രമാണ് ആര്യ മുടക്കിയിട്ടുള്ളതെന്ന് രേഖകളിൽ കാണിച്ച ബോധപൂർവ്വമായ തിരിമറിയാണ് രമേശൻ നടത്തിയത്. ഈ സ്ഥലത്ത് മൂന്നര, നാലു ലക്ഷം രൂപയാണ് നിലവിൽ ഭൂമി വ്യാപാരം നടന്നുപോകുന്നത്. തണ്ണീർത്തട ഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ 1900 ആൾക്കാർ കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്ത് കൃഷി ഓഫീസിൽ അപേക്ഷ നൽകി ചെറുതായ കൂര പണിയാൻ കാത്തിരിക്കുമ്പോഴാണ്, 1900 പാവപ്പെട്ടവരെ മറികടന്ന് രമേശൻ സ്വന്തം മകൾ ആര്യയുടെ ബിനാമി ഭൂമി തണ്ണീർത്തട പട്ടികയിൽ നിന്ന് മൂന്ന് മാസം മുമ്പ് പുറത്തേക്ക് മാറ്റി എഴുതിപ്പിച്ചത്. ഈ ലംഘനം പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ വി. വി. രമേശന്റെ കടുത്ത സ്വജനപക്ഷപാതമായി മാറിയിട്ടുണ്ട്.

LatestDaily

Read Previous

സിപിഎം അഭിഭാഷക സംഘടനാ പൊതുയോഗത്തിൽ മുസ് ലീം ലീഗ് യൂണിയനിലെ അഭിഭാഷകൻ

Read Next

നീലേശ്വരത്ത് മൂന്നിടത്ത് പുതുവർഷ അടി; കുഴപ്പക്കാരെ പോലീസ് വിരട്ടിയോടിച്ചു