ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ പാർട്ടിക്ക് കൂടുതല്‍ ശബ്ദം ഉയർത്താമായിരുന്നു: തരൂര്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിയിലുള്ള വീഴ്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തുറന്നടിച്ച് ശശി തരൂർ എംപി. ബിൽക്കിസ് ബാനു, പശുവിന്‍റെ പേരിലുള്ള കൊലപാതകം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് കൂടുതൽ ശബ്ദമുയർത്തണമായിരുന്നുവെന്നും തരൂർ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന്‍റെ പിന്തുണ തേടുമ്പോൾ നമ്മൾ ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ഉത്തരവാദിത്തത്തോടെ നമുക്ക് അടിയറവ് പറയേണ്ടി വരുമെന്നും തരൂർ പറഞ്ഞു.

ഭൂരിപക്ഷത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കരുതി ചില വിഷയങ്ങളിൽ നിലപാടെടുക്കാതിരിക്കുകയോ ചില വിഷയങ്ങളിൽ പിന്നോട്ട് പോകുകയോ ചെയ്യുന്ന പ്രവണത ബി.ജെ.പിക്ക് മാത്രമേ ഗുണം ചെയ്യൂ. നമ്മുടെ ബോധ്യങ്ങളെ ധൈര്യത്തോടെ ഉയർത്തിപ്പിടിക്കാൻ നമുക്കു കഴിയണം. ബിൽക്കിസ് ബാനു പ്രശ്നം, ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണം, ഗോസംരക്ഷണത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങൾ, ബുൾഡോസറുകൾ ഉപയോഗിച്ച് മുസ്ലിം വീടുകൾ നശിപ്പിക്കൽ തുടങ്ങിയ സമാന വിഷയങ്ങളിൽ കൂടുതൽ ശബ്ദമുയർത്താമായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.

പിന്തുണയ്ക്കായി ഞങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ പൗരൻമാരാണിവർ. ഇന്ത്യ എല്ലാ ഇന്ത്യക്കാരുടേതുമാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം ശബ്ദമുയർത്തിയില്ലെങ്കിൽ, ഇന്ത്യയുടെ വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊള്ളുക എന്ന നമ്മുടെ അടിസ്ഥാന ഉത്തരവാദിത്തം നിറവേറ്റാതെ നമുക്ക് കീഴടങ്ങേണ്ടിവരും. നമ്മുടെ രാജ്യത്തിന്‍റെ മതേതര ജനാധിപത്യ വേരുകൾ ശക്തിപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു.

Read Previous

സിസിഎൽ; കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള

Read Next

സോണിയ ഗാന്ധി രാഷ്ട്രീയ രംഗത്ത് തുടരും; വിരമിക്കില്ലെന്ന് വ്യക്തമാക്കി നേതൃത്വം