ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മധ്യ വയസ്കനെയും ഒത്താശ ചെയ്തു കൊടുത്ത മാതാവിനെയും കോടതി റിമാന്റ് ചെയ്തു.
പരിയാരം പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് നടപടി.
പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിമൂന്നും പതിനാറും വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് 2016 മുതൽ അവരുടെ ബന്ധുകൂടിയായ മധ്യവയസ്കൻ മാറി മാറി ബലാത്സംഗത്തിനിരയാക്കിയത്. സംഭവമറിഞ്ഞിട്ടും കുട്ടികളുടെ മാതാവ് ഇതിനെതിരെ പരാതി കൊടുത്തില്ല.
ഏറ്റവുമൊടുവിൽ 2020 ജൂലൈ 28 നാണ് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക വീട്ടിലാണ് സംഭവം നടന്നത്.
പെൺകുട്ടികളുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുന്നവരാണ്. നേരത്തെ ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങളായിയിൽ മാതാവിനോടൊപ്പം താമസിച്ചിരുന്ന കുട്ടികൾ പിന്നീട് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് താമസം മാറുകയായിരുന്നു.
2016 ഡിസംബർ മാസത്തിലാണ് 13കാരിയായ പെൺകുട്ടിയെ ബന്ധുവായ മധ്യവയസ്കൻ ബലാത്സംഗത്തിനിരയാക്കിയത്.
കുട്ടികളുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന പ്രതി പല തവണ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു.
സംഭവമറിയാവുന്ന മാതാവ് ഇതിനെതിരെ പ്രതികരിക്കാതെ ബന്ധുവിന് ഒത്താശ നൽകിയെന്നും തെളിഞ്ഞിട്ടുണ്ട്.
പെൺകുട്ടികൾ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. ഇതേത്തുടർന്ന് ചൈൽഡ് ലൈനിന്റെ പരാതിയിലാണ് കേസ്. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ പരിയാരം പോലീസിന് മേൽ സമ്മർദ്ദങ്ങളുണ്ടായിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ ഗത്യന്തരമില്ലാതെയാണ് അറസ്റ്റ്.
കുട്ടികളുടെ മാതാവിനും ബന്ധുവിനുമെതിരെ പോക്സോ നിയമപ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്.ചെങ്ങളായിയിൽ നടന്ന പീഡനത്തിൽ ശ്രീകണ്ഠാപുരം പോലീസ് മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ് ദിവസമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ബലാത്സംഗത്തിനിരയായ പെൺകുട്ടികൾ വിദ്യാർത്ഥിനികളാണ്.