മുണ്ടത്തടം ക്വാറിക്കെതിരെ പരിസ്ഥിതി സമിതി

പരപ്പ: മുണ്ടത്തടത്ത് കവളപ്പാറ ആവർത്തിക്കരുത് എന്ന ആവശ്യമുന്നയിച്ച് കൊണ്ട് കവളപ്പാറ ദുരന്തത്തിന്റെ ഭൗതികാവശിഷ്ടമായി അവശേഷിക്കുന്ന മണ്ണ് കവളപ്പാറയിൽ നിന്നും ശേഖരിച്ച് പരപ്പയിലെ ഖനന വിരുദ്ധ അയൽക്കൂട്ടവും കാസർകോട് ജില്ലാ പരിസ്ഥിതി സമിതിയും സംയുക്തമായി കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇന്ന് നിമജ്ജ്നം ചെയ്യുന്നു. കിനാനൂർ- കരിന്തളം പഞ്ചായത്ത് ബോർഡിന്റം നിർദ്ദേശമനുസരിച്ച് ജൈവ വൈവിദ്ധ്യ ബോർഡ് പഠനം നടത്തി ഖനനം നിർത്തിവെക്കണമെന്ന് ശിപാർശ ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ സമരം ശക്താമകുന്നതിന്റെ മുന്നോടിയായാണ് ഇത്തരം സമരപരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്.

കഴിഞ്ഞ കാലവർഷക്കാലത്ത് ഖനനത്തിനെതിരെ സമരം  ശക്തമായതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഖനനം പുനരാരംഭിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടപ്പോൾ അന്തിമ തീരുമാനമെടുക്കാൻ പഞ്ചായത്ത് ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. പാരിസ്ഥിതികാനുമതി ലംഘിച്ച് ഖനനം നടത്തുന്നതിനാൽ മേൽ നടപടി സ്വീകരിക്കാൻ സബ്ബ് കലക്ടർ നൽകിയ ശിപാർശയും പരിസ്ഥിതികാനുമതി വ്യവസ്ഥ ലംഘനങ്ങളും മറ്റു ദുരന്ത സാധ്യതകളും ചൂണ്ടിക്കാട്ടി തെളിവുകൾ സഹിതം പരാതി നൽകിയുന്നുവെങ്കിലും പഞ്ചായത്ത് ഖനനാനുമതി തുടരുകയാണ് ഉണ്ടായത്. പരമാവധി 10 മീ മാത്രമാണ് അനുമതിയെങ്കിലും 375 മീ ഉയരത്തിൽ കിഴക്കാം തൂക്കായി ഖനനം നടത്തിയതിനെത്തുടർന്ന് ദുരന്ത സാധ്യതയുണ്ടെന്ന് ഏഡിഎം റിപ്പോർട്ട് സമർപ്പിച്ചി രുന്നു.

പൊതുനിരത്ത്, കുടിവെള്ള പദ്ധതിയുടെ ടാങ്കി, വനാതിർത്തി, വെടിമരുന്ന് സൂക്ഷിക്കുന്ന മാസിൻ, ക്രഷർ എന്നിവയിൽ നിന്നും നിയമപ്രകാരം പാലിക്കേണ്ടുന്ന 50 മീ അകലം പാലിച്ചിട്ടില്ലെങ്കിലും ഡി ആന്റ് ഒ  ലൈസൻസ് കൊടുക്കുന്നതിൽ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ല. മാത്രമല്ല, മൈനിംഗ് പ്ലാൻ പ്രകാരം പഞ്ചായത്ത് നൽകിയ ഡി ആന്റ് ഒ ലൈസൻസ് അവരുടെ തന്നെ റോഡിന്റെ ഒരു ഭാഗം ഖനനം ചെയ്യാനാണ്. ഇത്തരത്തിൽ കൊടുക്കുന്ന ആദ്യത്തെ പഞ്ചായത്തായിരിക്കും കിനാനൂർ കരിന്തളം. കവളപ്പാറക്ക് സമാനമായി മുണ്ടത്തടത്തും ദുരന്തം ആവർത്തിക്കപ്പെടുകയാണെങ്കിൽ മുഖ്യകാരണക്കാരായി വരുന്നത് പഞ്ചായത്ത് അധികൃതർ ആയതിനാൽ അധികൃതരെ അതിൽ നിന്നും പിന്തിരിപ്പിക്കാനാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇത്തരം ഒരു സമരപരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് കാസർകോട് ജില്ലാ പരിസ്ഥിതി സമിതി സിക്രട്ടറി  വി.കെ. വിനയൻ അറിയിച്ചു. ഓൺലൈൻ യോഗത്തിൽ അഡ്വ. ടി.വി. രാജേന്ദ്രൻ, പ്രഫ. എം. ഗോപാലൻ, പി.വി. സുധീർകുമാർ, പവിത്രൻ തോയമ്മൽ, രാമകൃഷ്ണൻ വാണിയമ്പാറ, പുല്ലൂർ കൃഷ്ണൻ എന്നിവർ സംസാരിച്ചു

LatestDaily

Read Previous

മെട്രോ മുഹമ്മദ്ഹാജി പൊതുസമൂഹത്തോടൊപ്പം നിന്നു

Read Next

ഷാർജ ഐ എം സി സി ക്ക് അവശ്യമരുന്നുകൾ കൈമാറി