ഏഴ് പേരുടെ മരണത്തിനിടയാക്കിയ കർണ്ണാടക ബസ്സിന് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല

രാജപുരം: പാണത്തൂർ പരിയാരം അപകടത്തിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ കർണ്ണാടക ടൂറിസ്റ്റ് ബസ്സിന് കേരളത്തിൽ പ്രവേശിക്കാൻ നിയമാനുസരണമുള്ള അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽപ്പെട്ട ബസ് ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ബസ്സിന് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള കേരള പെർമിറ്റില്ലായിരുന്നുവെന്ന കാര്യം വെളിവായത്.

കർണ്ണാടക സംസ്ഥാനത്തിനകത്ത് മാത്രം സഞ്ചരിക്കാനുള്ള ടൂറിസ്റ്റ് ബസ്സിന്റെ പെർമിറ്റാണ് ബസ്സിനുണ്ടായിരുന്നത്. കർണ്ണാടകയിലെ ചില ആർടിഒ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രസ്തുത ബസ്സ് കർണ്ണാടകയിലെ ചില റൂട്ടുകളിൽ ലൈൻ ബസ്സായി സർവ്വീസ് നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വിവാഹ പാർട്ടികളുമായി ബസ് കേരളത്തിലേക്കെത്തിയതെന്ന് രാജപുരം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

കർണ്ണാടക അതിർത്തി കടന്ന് ആറ് കിലോമീറ്ററിനപ്പുറമാണ് ബസ് അപകടമുണ്ടായ പാണത്തൂർ പരിയാരം പ്രദേശം. കർണ്ണാടക പുത്തൂരിൽ നിന്നും വിവാഹ പാർട്ടിയുമായെത്തിയ സംഘം കർണ്ണാടക അതിർത്തി കടന്ന് കേരളത്തിലെത്തി പാണത്തൂർ വഴി കരിക്കെയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ അപകടത്തിൽ ഏഴ് പേർ മരണപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കേസ്സന്വേഷണം അന്തിമ ഘട്ടത്തിലാണ്. പരിക്കേറ്റവർ ചികിൽസയിൽ കഴിഞ്ഞ മംഗളൂരുവിലും പുത്തൂരിലുമുള്ള ആശുപത്രികളിൽ നിന്നും ചികിൽസ സംബന്ധിച്ച രേഖകൾ ലഭിച്ചു കഴിഞ്ഞാൽ അന്വേഷണ സംഘം അടുത്തയാഴ്ച ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

LatestDaily

Read Previous

കോവിഡ് വ്യാപനത്തിനിടെ വെല്ലുവിളിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് അധികാരികൾ മുഖം തിരിച്ചു

Read Next

കാസർകോട്–തിരുവനന്തപുരം അതിവേഗ റെയിൽപ്പാതയ്ക്ക് കേന്ദ്ര കടമ്പ കാര്യങ്ങൾ എളുപ്പമല്ലെന്ന് റെയിൽവേ ബോർഡ്