പാണത്തൂർ കവർച്ച അന്വേഷണം പരിസരവാസികളിലേക്ക്; കവർച്ചക്കാർ കൈയ്യുറ ധരിച്ചു

രാജപുരം: പാണത്തൂർ പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപ വില വരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങളും കാൽ ലക്ഷം രൂപയും കവർച്ച ചെയ്തതിന് പിന്നിൽ പരിസരത്തുള്ളവരാരെങ്കിലുമാകുമെന്ന് സംശയം. പുത്തൂരടുക്കത്തെ സെൻ. ഇ. തോമസിന്റെ വീട്ടിൽ നടന്ന കവർച്ചയിലാണ് രാജപുരം പോലീസ് പരിസരവാസികളെ കേന്ദ്രീകരിച്ച്  അന്വേഷണം വ്യാപിപ്പിച്ചത്.

പൂമുഖ വാതിൽ അകത്ത് നിന്നും അടുക്കള ഭാഗത്തെ ഗ്രില്ലും പൂട്ടിയ ശേഷം ഏപ്രിൽ 12-ന് തോമസും കുടുംബവും ആലക്കോട്ടേക്ക് പോയതായിരുന്നു. നേരത്തെ പുത്തൂരടുക്കത്ത് താമസിച്ചിരുന്ന ഇപ്പോൾ ആലക്കോട് താമസിക്കുന്ന കുടുംബത്തിലെ അംഗത്തിന് സുഖമില്ലെന്നറിഞ്ഞാണ് തോമസും കുടുംബവും തിങ്കളാഴ്ച രാവിലെ 9 മണിയോടെ വീട് പൂട്ടി ആലക്കോട്ടേയ്ക്ക് പോയത്.

പെട്ടെന്ന് മടങ്ങാമെന്ന് കരുതിയാണ് കുടുംബം യാത്ര തിരിച്ചതെങ്കിലും, ആലക്കോട്ടേക്കെത്തുമ്പോഴേയ്ക്കും രോഗി മരിച്ചതിനാൽ, തോമസും കുടുംബവും പാണത്തൂരിലേക്ക് മടങ്ങിയെത്താൻ വൈകി. രാത്രി 9 മണിയോട് കൂടിയാണ് കുടുംബം വീട്ടിൽ തിരിച്ചെത്തിയത്.

അടുക്കള വാതിലിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. സ്വർണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാര തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാര കിടപ്പുമുറിയിലെ കട്ടിലിന് മുകളിൽ കണ്ടെത്തി. വീടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ എവിടെയും സിസിടിവി ക്യാമറകളില്ലാത്തതിനാൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. വീടിനെ കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായമില്ലാതെ നാടിനെ ഞെട്ടിച്ച മോഷണം നടക്കില്ലെന്ന് അന്വേഷണസംഘം ഉറപ്പാക്കിയിട്ടുണ്ട്.

കവർച്ച നടന്ന വീട്ടിൽ നിന്നും അലമാരയിലും കവർച്ചക്കാരുടെ വിരലടയാളം കാര്യമായി പതിഞ്ഞിട്ടില്ല. നാലോളം വ്യത്യസ്ത വിരലടയാളങ്ങൾ ലഭിച്ചുവെങ്കിലും, ഇത് വീട്ടുകാരുടേതാണോ മോഷ്ടാക്കളുടേതുണ്ടോ എന്നറിയാൻ അന്വേഷണസംഘം പരിശോധിച്ചുവരികയാണ് . കവർച്ചാസംഘം കൈയ്യുറ ധരിച്ചിരിക്കാമെന്നാണ് വീട്ടുകാരുടെയും പോലീസിന്റെയും നിഗമനം. സൈബർ സെല്ലിന്റെ സഹായത്തോട് കൂടിയും പോലീസ് അന്വേഷണം നടക്കുന്നു.

LatestDaily

Read Previous

പാലക്കുന്നിൽ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല; കൊല മദ്യ ലഹരിയിലുള്ള വാക്ക് തർക്കത്തിൽ

Read Next

കോട്ടച്ചേരി മേൽപ്പാലം: ഗർഡറുകൾ ഉയർത്തുന്ന പ്രവൃത്തി നാളെ തുടങ്ങും