പാണത്തൂരിൽ അപകടത്തിൽപ്പെട്ട ബസ്സോടിച്ചത് മറ്റൊരു ഡ്രൈവർ

രാജപുരം: ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂർ പരിയാരം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സോടിച്ചത് മരണപ്പെട്ട ഡ്രൈവറല്ലെന്നും മറ്റൊരാളാണെന്നും പുറത്തുവന്നു. ബസ്സിലുണ്ടായിരുന്ന ചിലരുടെ ദൃക്സാക്ഷി മൊഴിയിൽ പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കർണ്ണാടക ബണ്ട്്വാളിലെ ശശിധര പൂജാരിയാണ് 43, ബസ്സോടിച്ചത്.

സാക്ഷി മൊഴിപ്രകാരം അപകടത്തിൽ മരിച്ച ശശിധര പൂജാരിക്കെതിരെ രാജപുരം പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. രാജപുരം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പാണത്തൂർ ബസ്സ് ദുരന്തത്തെക്കുറിച്ച് നടക്കുന്ന പ്രത്യേക അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സോടിച്ചത് ശശിധര പൂജാരിക്ക് പകരം മറ്റൊരാളാണെന്ന സുപ്രധാന വിവരം പുറത്ത് വന്നത്.

അന്വേഷണ സംഘം തങ്ങൾക്ക് ലഭിച്ച പ്രധാനപ്പെട്ട ഈ വിവരം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പുത്തൂരിലെ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന ആളാണ് അപകട സമയത്ത് ബസ്സോടിച്ചതെന്നാണ് വിവരം.  അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ കമ്പനി നിയോഗിച്ച യഥാർത്ഥ ഡ്രൈവർ മരണപ്പെട്ട ശശിധര പൂജാരിയാണെന്നിരിക്കെ, മറ്റൊരാൾ ബസ്സോടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

മരണപ്പെട്ട ശശിധര പൂജാരിയുടെയും, ബസ്സോടിച്ചതായി പറയപ്പെടുന്നയാളുടെയും ഡ്രൈവിംഗ് ലൈസൻസുകൾ സംബന്ധിച്ച് പരിശോധന നടക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. അപകട സമയത്ത് ബസ്സോടിച്ച യഥാർത്ഥ ഡ്രൈവറെ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. ജനുവരി 3-ന് ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ബസ്സപകടമുണ്ടായത്. ഏഴ് പേർ മരണപ്പെട്ടതിന് പുറമെ 50ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റവരിൽ പലരും ഇപ്പോഴും പുത്തൂരിലേയും മംഗളൂരുവിലേയും ആശുപത്രികളിൽ ചികിത്സയിലാണ്.

ഇവരുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം യഥാർത്ഥ ഡ്രൈവറെ കേസ്സിൽ പ്രതി ചേർക്കും. കർണ്ണാടകയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹ സംഘം സഞ്ചരിച്ച ബസ്സ് പരിയാരത്ത് കുത്തനെയുള്ള ഇറക്കത്തിൽ തല കീഴായി മറിയുകയായിരുന്നു.
ആർടിഒ പരിശോധനയും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കിയ ടൂറിസ്റ്റ് ബസ് ഉടമയ്ക്ക് വിട്ടു നൽകി.

LatestDaily

Read Previous

ആറളം അബ്ദുൾ ഖാദർ ഫൈസി അന്തരിച്ചു

Read Next

പഞ്ചായത്ത് ഉടക്കുവെച്ചു; 21 കോടിയുടെ മെക്കാഡം റോഡ് നിർമ്മാണം മുടങ്ങി