പാണത്തൂരിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ബസ്സോടിച്ച ഡ്രൈവർക്ക് ലൈസൻസില്ല

രാജപുരം: പാണത്തൂർ പരിയാരത്ത് ഏഴ് പേരുടെ മരണത്തിലും 45 പേർക്ക് ഗുരുതരമായി പരിക്കേൽക്കാനുമിടയാക്കിയ അപകടത്തിൽപ്പെട്ട കർണ്ണാടക ടൂറിസ്റ്റ് ബസ് ഒാടിച്ചത് ഡ്രൈവിംഗ് ലൈസൻസില്ലാത്ത ഡ്രൈവർ. 2021 ജനുവരി 3–ന് രാവിലെയാണ് നാടിനെ നടുക്കിയ ബസ്സപകടമുണ്ടായത്. പരിയാരം ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്  കർണ്ണാടക ടൂറിസ്റ്റ് ബസ് ഒാടിച്ച പുത്തൂർ സ്വദേശി ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

ബസ് അപകടത്തിൽപ്പെട്ട ദിവസം ബസ്സിൽ യഥാർത്ഥ ഡ്രൈവർ ഇല്ലായിരുന്നു.ബസ്സുടമയുടെ കാര്യസ്ഥനായ വ്യക്തിയാണ് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഒാടിച്ചിരുന്നത്. രാജപുരം പോലീസിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന  വിവരം വെളിയിലായത്. മരണപ്പെട്ട പുത്തൂർ സ്വദേശിയല്ല അപകട സമയത്ത് ബസ് ഒാടിച്ചിരുന്നതെന്ന് വരുത്തിതീർക്കാൻ ബസ് ഉടമനീക്കം നടത്തിയിരുന്നു.

പോലീസ് ഈ നീക്കം പൊളിക്കുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയവരെ ഉപയോഗിച്ച് പോലീസിൽ വ്യാജമൊഴി നൽകി തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ലൈസൻസുള്ള മറ്റൊരു ഡ്രൈവർ ആണ് ബസ് ഒാടിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ആദ്യം മുതൽ കേസ്സന്വേഷിച്ച രാജപുരം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ഡ്രൈവറെ മാറ്റാനുള്ള ബസ് ഉടമയുടെ നീക്കം തിരിച്ചറിഞ്ഞ് തുടക്കത്തിലെ ഈ നീക്കം തടയുകയായിരുന്നു.

പുത്തൂരിലെ വിവാഹ വീട്ടിൽ നിന്നും പുറപ്പെട്ട ബസ് തോട്ടം, ചെമ്പേരി വഴി പാണത്തൂർ ടൗൺകടന്ന് കരിക്കെയിലെത്തേണ്ടതായിരുന്നു. പാണത്തൂരിലെത്തുന്നതിന് തൊട്ട് മുമ്പ് പരിയാരത്തുള്ള വലിയ ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ ശേഷം മരത്തിലിടിച്ച് നിൽക്കുകയാണുണ്ടായത്. ഡ്രൈവിംഗിലെ പരിചയക്കുറവും, അമിത വേഗതയും അപകടത്തിനിടയാക്കിയെന്ന് പ്രാഥമിക വിവരം പുറത്തു വന്നിരുന്നു. ടൂറിസ്റ്റ് ബസ് ഒാടിച്ച ഡ്രൈവർക്ക് ലൈസൻസില്ലായിരുന്നുവെന്ന പ്രധാനപ്പെട്ട വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. രണ്ട് കുട്ടികൾ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗര ഭരണം നിശ്ചലം, തെരുവു വിളക്കുകൾ പോലും കത്തിക്കാൻ കഴിഞ്ഞില്ല

Read Next

ചന്ദ്രശേഖരൻ എംഎൽഏയുടെ ഒാഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം