ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പനത്തടിയിൽ ഇടതു മുന്നണിയും, കള്ളാറിൽ വലതു മുന്നണിയും ഭരണത്തുടർച്ചയ്ക്കായി പോരാട്ടം
കാഞ്ഞങ്ങാട് : രൂപീകരണ കാലം തൊട്ട് വലതു മുന്നണിക്കൊപ്പം നിൽക്കുന്ന കള്ളാർഗ്രാമ പഞ്ചായത്തിലും കേരളവും കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന പനത്തടി ഗ്രാമ പഞ്ചായത്തിലും ഇടതു വലതു മുന്നണിയിൽ പോര് കടുത്തു. മലയോര മേഖലയിൽ വലതു പക്ഷത്തോടൊപ്പം നിൽക്കുന്ന കള്ളാർ പഞ്ചായത്തിൽ കോൺഗ്രസിനെ തളച്ചിടാനുള്ള പോരാട്ടമാണ് ഇടതു മുന്നണി നടത്തുന്നത്.
ആകെയുള്ള 14 വാർഡുകളിൽ 12– ഉം നേടിയാണ് കഴിഞ്ഞ തവണ കള്ളാർ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിലനിർത്തിയത്. അവശേഷിക്കുന്ന രണ്ടു വാർഡുകളിലൊന്ന് വീതം സിപിഐയും, സിപിഎമ്മും നേടി. ഇത്തവണ കേരള കോൺഗ്രസ്സ് ജോസ്. കെ. മാണി വിഭാഗത്തിന്റെ പിന്തുണയിൽ കള്ളാർ പിടിക്കാനുള്ള തന്ത്രമാണ് ഇടതു മുന്നണി രൂപപ്പെടുത്തിയിട്ടുള്ളത്. അതേ സമയം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ നിലവിൽ ഭരണ കക്ഷിയായ യുഡിഎഫിനെ തുണക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
മുഴുവൻ സീറ്റുകളും നേടി ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കള്ളാറിലെ പല വാർഡുകളിലും ബിജെപി വോട്ടുകൾ മറിച്ചാണ് യുഡിഎഫ് വിജയിക്കുന്നതെന്നും, ഇത്തവണ ബിജെപി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി മൽസരിപ്പിക്കുന്നത് ഇടതു പക്ഷത്തിന് ഗുണകരമാവുമെന്നും ഇടതു പക്ഷം കണക്ക് കൂട്ടുന്നു. എന്നാൽ, മുസ്്ലീം ലീഗിന് സ്ഥാനാർത്ഥിത്വം നൽകാത്ത കോൺഗ്രസ്സ് നിലപാടിൽ അമർഷമുള്ള ലീഗ് വോട്ടുകൾ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കുടിയേറ്റക്കാർക്ക് സ്വാധീനമുള്ള മേഖലകളിലും കോൺഗ്രസിന്റെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധമുണ്ട്.
പനത്തടി ഗ്രാമ പഞ്ചായത്തിൽ നിന്ന് വേർപിരിഞ്ഞ് കള്ളാർ ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് 1977 ലാണ്. കോൺഗ്രസ്സിന് മേൽക്കൈയുണ്ടായിരുന്ന കള്ളാർ വേർപ്പെട്ടതോടെ പനത്തടി ഗ്രാമ പഞ്ചായത്ത് ഇടതു സ്വാധീന മേഖലയായി മാറുകയായിരുന്നു. പലതരം സ്വാധീന മേഖലകൾ ഒത്തു ചേരുന്ന പനത്തടിയിൽ അട്ടിമറിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബിജെപിക്കും കോൺഗ്രസ്സിനും സ്വീകാര്യമായ പൊതു സ്വതന്ത്രർ എന്ന ആശങ്കയിലാണ് ഇടതു വിരുദ്ധ ചേരി ഇവിടം രൂപം കൊള്ളുന്നത്.
നിലവിൽ ആകെയുള്ള 15 വാർഡുകളിൽ 13– ഉം ഇടതു പക്ഷത്താണുള്ളത്. എന്നാൽ, ബിജെപിയും, കോൺഗ്രസ്സും ചേർന്നാൽ ചില വാർഡുകളിൽ ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 3,6,15 വാർഡുകളിലാണ് ബിജെപിക്ക് സ്ഥാനാർത്ഥികളുള്ളത്. ഇതിൽ 15– ാം വാർഡിൽ കാഞ്ഞങ്ങാട് മണ്ഡലം ബിജെപി സിക്രട്ടറി വേണുഗോപാൽ മൽസരിക്കുന്നുണ്ട്. താമര ഒഴിവാക്കി സ്വതന്ത്ര ചിഹ്നത്തിലാണ് വേണുഗോപാൽ മൽസരിക്കുന്നത്. 4,15– വാർഡുകളിൽ കോൺഗ്രസ്സ് ചിഹ്നത്തിൽ ആരും മൽസരിക്കുന്നില്ല.
സിപിഎം വിജയിക്കുന്ന ആറാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മൽസര രംഗത്തുണ്ട്. ബിജെപി വിജയിക്കാതിരിക്കാൻ ന്യൂന പക്ഷത്തിന് വോട്ട് ചെയ്യുന്നതിനാലാണ് പനത്തടിയിൽ ഇടതു മുന്നണി വിജയിക്കുന്നത് എന്ന പ്രചാരണവുമുണ്ട്. ഒമ്പതാം വാർഡിൽ മുസ്്ലീം ലീഗും പാർട്ടി ചിഹ്നത്തിൽ അല്ലാതെ മൽസരിക്കുന്നുണ്ട്. 1,2,4,7,9,10,11,12,14– വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. ബിജെപിക്ക് യുഡിഎഫുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. സ്വതന്ത്ര പരീക്ഷണം എത്രത്തോളം വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിജയ പരാജയങ്ങൾ അന്തിമമായി വിലയിരുത്തപ്പെടുന്നത്.