പള്ളിക്കര പ്രവാസിക്കും ഭാര്യക്കുമെതിരെ വീട് കയ്യേറിയതിന് കേസ്

കാഞ്ഞങ്ങാട് : ഗൾഫിൽ കൂട്ടുകച്ചവടത്തിൽ ചതിക്കപ്പെട്ട് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ട പള്ളിക്കരയിലെ പ്രവാസി വ്യാപാരി ഭാര്യയ്ക്കും, ബന്ധുക്കൾക്കും വീട് കയ്യേറിയതിന് കേസ്. സൗത്ത് ചിത്താരി കക്കൂത്തിൽ അഷറഫിന്റെ ഭാര്യ ഏ. കെ. നയീറയുടെ 35, പരാതിയിൽ പള്ളിക്കര പൂച്ചക്കാട് തൊട്ടിയിലെ സിങ്കപ്പൂർ ഹംസ, ഭാര്യ, ബന്ധുക്കൾ ഉൾപ്പെടെ 48 പേർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ 10 ന് രാത്രി 8 മണിയോടെ വീട്ടു പരിസരത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന നയീറയുടെ പരാതിയിലാണ് കേസ്. ദുബായിൽ വിവിധ ഭാഗങ്ങളിൽ 16– ഓളം സൂപ്പർ മാർക്കറ്റുകളുടെ ഉടമയായിരുന്നു സിങ്കപ്പൂർ ഹംസ, 15 വർഷം മുമ്പ് നയീറയുടെ ഭർത്താവായ അഷറഫിനെ, ഹംസ സൂപ്പർ മാർക്കറ്റ് ബിസിനസ്സിൽ പങ്കാളിയാക്കി. 5 വർഷം മുമ്പ് സൂപ്പർ മാർക്കറ്റ് ഒന്നൊഴികെ മുഴുവൻ വിറ്റു കിട്ടിയ പണം നാട്ടിലേക്ക് കൊണ്ട് വന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ നിക്ഷേപിച്ചു. റിയൽ എസ്റ്റേറ്റിൽ മാത്രം 5 കോടിയിലേറെ രൂപയാണ് അഷ്റഫ് നിക്ഷേപിച്ചത്.

എന്നാൽ, പിന്നീട് ഹംസയെ, ലാഭവിഹിതമോ, മുടക്കു മുതലായ കോടികൾ തിരിച്ചു നൽകാതെ അഷ്റഫ് ഒഴിവാക്കിയതായാണ് പരാതി. തർക്കത്തെ തുടർന്ന് മധ്യസ്ഥർ ഇടപെടുകയും ഹംസയുടെ കോടിക്കണക്കിന് രൂപ കണക്കാക്കി തിരിച്ചു നൽകാമെന്ന് അഷ്റഫ് ഉറപ്പ് നൽകിയതായി പറയുന്നു. നിശ്ചയിച്ച തീയ്യതിക്ക് ശേഷവും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഹംസയും ഭാര്യയും അടുത്ത ബന്ധുക്കളും കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ടാണ് അഷ്റഫിന്റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞ് രാത്രി ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തിയിരുന്നു.

Read Previous

നിക്ഷേപത്തട്ടിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾ കുഞ്ഞാലിക്കുട്ടി അവഗണിച്ചു

Read Next

അക്രമത്തിനിരയായ യുഡിഎഫ് സ്ഥാനാർത്ഥി റഷീദിന് പോലീസ് സംരക്ഷണമൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം