പള്ളിക്കരയിൽ മത്സരം കടുക്കും; നിലനിർത്താനും പിടിച്ചെടുക്കാനും കരുക്കൾ നീക്കി മുന്നണികൾ

കാഞ്ഞങ്ങാട്: തുടർച്ചയായ മുപ്പത് വർഷം ഇടതു നിയന്ത്രണത്തിൽ സിപിഎം പിടിച്ചടക്കിവെച്ചിരിക്കുന്ന പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ ഇടതുഭരണം അട്ടിമറിക്കാനുള്ള പടപ്പുറപ്പാടിലാണ് കോൺഗ്രസ്സും മുസ്്ലീം ലീഗും മാത്രമുള്ള പള്ളിക്കര പഞ്ചായത്തിലെ യുഡിഎഫ് മുന്നണി.

തങ്ങളുടെ ഉരുക്കു കോട്ടകൾക്കൊപ്പം, പഞ്ചായത്തിലാകമാനം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി വിജയിച്ച വാർഡുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാക്കി ഭരണ തുടർച്ച ആവർത്തിക്കാനാകുമെന്ന വിശ്വാസമാണ് സിപിഎം േ വെളുത്തോളി ലോക്കൽ കമ്മിറ്റിയംഗവും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി. ഇന്ദിരയും പാർട്ടിക്കുമുള്ളത്.

ആലക്കോട് 12-ാം വാർഡിൽ മത്സരിച്ച ഇന്ദിരയുടെ വിജയം എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ്. ആകെയുള്ള 1004 വോട്ടിൽ 975 വോട്ടുകളും നേടിയാണ് അവർ വിജയിച്ചു കയറിയത്. ഇന്ത്യൻ നാഷണൽ ലീഗിൽ നിന്നും മത്സരിച്ച് വിജയിച്ച ഏക അംഗം ടി.ഏ. അബ്ദുൾ ലത്തീഫിന്റെ 43 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയം അവരെ പ്രസിഡണ്ട് പദവിയിലെത്തിച്ചു.

22 അംഗ ഗ്രാമ പഞ്ചായത്തിൽ 12 സീറ്റുകൾ നേടിയായിരുന്നു പള്ളിക്കരയിൽ ഇടതുമുന്നണി വിജയം.  വാർഡ് 1- ബേക്കൽ, 2-ഹദ്ദാദ്, 3- പെരിയങ്ങാനം, 15 – കീക്കാൻ, 19-പള്ളിപ്പുഴ വാർഡുകളിൽ മത്സരിച്ച ഐഎൻഎല്ലിന് അബ്ദുൾ ലത്തീഫിലൂടെ വാർഡ് 15-ൽ മാത്രമാണ് വിജയിക്കാനായതെങ്കിലും, സിപിഎമ്മിനെ ഐഎൻഎൽ വിജയം ഭരണത്തിലേറ്റി.

വാർഡിലെ വ്യക്തി ബന്ധങ്ങളുടെ ബലത്തിൽ 42 എന്ന വോട്ട് വ്യത്യാസത്തിൽ ഐഎൻഎൽ വിജയിച്ചു കയറിയപ്പോൾ, 25 വർഷങ്ങൾക്ക് ശേഷം ഇടതുമുന്നണിയെ പള്ളിക്കര പഞ്ചായത്ത് ഭരണത്തിൽ നിന്നും തുരത്തുകയെന്ന യുഡിഎഫിന്റെയും മുസ്്ലീം ലീഗിന്റെയും ലക്ഷ്യം അസ്ഥാനത്തായി.

ഐഎൻഎല്ലിൽ നിന്നും കീക്കാൻ വാർഡ് പിടിച്ചെടുക്കാൻ ലീഗിന് പറ്റിയിരുന്നുവെങ്കിൽ, കഴിഞ്ഞ തവണത്തെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഇരു മുന്നണികളുടെയും  അംഗബലം തുല്യമായി 11 വീതമെത്തുകയും, വോട്ടിംഗ് അനുകൂലമാവുകയും കൂടി ചെയ്തിരുന്നുവെങ്കിൽ, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പദം  യുഡിഎഫിന് നഷ്ടപ്പെടില്ലായിരുന്നു.

22 സീറ്റുകളിൽ പതിനൊന്ന് വീതം വാർഡുകളിലാണ് കോൺഗ്രസ്സും മുസ്്ലീം ലീഗും മത്സരിച്ചത്.  മുസ്്ലീം ലീഗ് 8 സീറ്റുകളിൽ വിജയിച്ചു കയറിയപ്പോൾ, അംബങ്ങാട് 4-ാം വാർഡിലും, പള്ളിക്കര 21-ാം   വാർഡിലും മാത്രമാണ് കോൺഗ്രസ്സിന് വിജയിച്ചു കയറാനായത്. 10 വാർഡുകളിൽ മത്സരിച്ച് വിജയിച്ച സിപിഎമ്മിനോട് നേരിട്ടേറ്റുമുട്ടിയാണ് കോൺഗ്രസ്സ് 11ൽ 9 സീറ്റുകളിലും പരാജയമറിഞ്ഞത്.

കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം  മൂന്ന് സീറ്റുകൾ കൂടുതൽ പിടിച്ചെടുത്ത് ഭരണ തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രസിഡണ്ട് ഇന്ദിര. ആത്മ വിശ്വാസത്തിന് കൂട്ട് തന്റെ വികസന പ്രവർത്തനങ്ങളിലെ നേട്ടം തന്നെയാണ്. എതിരാളികൾ വിജയമവകാശപ്പെടുന്നതിൽ തെറ്റില്ല. തന്റെ ഭരണസമിതി ചെയ്ത നേട്ടങ്ങൾ മാത്രം മതിയാവും വലിയ ഭൂരിപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവാൻ.

പഞ്ചായത്തിൽ ഈ വർഷം 182 ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി നെൽകൃഷി, ജൈവ പച്ചക്കറി  ഉത്പ്പാദന രംഗത്ത് കൈവരിച്ച നേട്ടം ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്താക്കി പള്ളിക്കരയെ മാറ്റാൻ സാധിച്ചു. പൊതുകുളങ്ങളിൽ  മത്സ്യകൃഷി വ്യാപകമാക്കി. വെളുത്തോളിയിൽ നിർജ്ജീവാവസ്ഥയിലായിരുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റ് 65 ലക്ഷം രൂപ മുടക്കി കെട്ടിടമുൾപ്പെടെ പുതുക്കിപ്പണിയുകയും, ഭാവിയിൽ മൂല്ല്യ വർദ്ധിത  ഉത്പ്പന്നങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ സജ്ജീകരിക്കുകയും ചെയ്തു.

വയോജന പരിപാലന കേന്ദ്രം, റോഡുകളുടെ വികസനം, അംഗനവാടി, സ്കൂൾ കെട്ടിടനിർമ്മാണം തുടങ്ങി. എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കി. 25 ലക്ഷം രൂപ ചിലവിൽ പഞ്ചായത്ത് ഫണ്ടും എംഎൽഏ ഫണ്ടുമുപയോഗിച്ച് 1000 പേർക്കെങ്കിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പാക്കത്തെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കി.

കഴിഞ്ഞ തവണ ഇന്ദിര വിജയിച്ച ആലക്കോട് ഇക്കുറി പട്ടിക വർഗ്ഗ സംവരണ വാർഡാണ്. പാർട്ടി ആവശ്യപ്പെട്ടാലും,  മറ്റൊരു വാർഡിൽ നിന്നും ജനവിധി തേടാൻ ഇന്ദിരയ്ക്ക് താൽപ്പര്യമില്ല. 12-ന് പുറമെ 5,6,7,8,9,10,11,13,14,20 വാർഡുകളിൽ സിപിഎമ്മും, 1,2,3,16,18,19,22,17 സ്വതന്ത്രനുൾപ്പെടെ മുസ്്ലീം ലീഗ് വിജയിച്ച വാർഡുകളാണ്. പഞ്ചായത്തിൽ പ്രസിഡണ്ട്  പദവി ഇത്തവണ സംവരണത്തിലേക്ക് വരുമെന്നറിയാൻ ഇനിയും കാത്തിരിക്കണം.

ഇത്തവണ രണ്ടിൽ നിന്നും 6 സീറ്റിലെങ്കിലും വിജയിക്കണമെന്ന ലക്ഷ്യമുണ്ടെന്ന് പഞ്ചായത്ത് യുഡിഎഫ് കൺവീനർ സുകുമാരൻ പൂച്ചക്കാട് വ്യക്തമാക്കി. 42 വോട്ടുകൾക്ക് ഐഎൻഎല്ലിനോട് മുസ്്ലീം ലീഗ് പരാജയപ്പെട്ട കീക്കാൻ 15-ാം വാർഡ് ലീഗ് തിരിച്ച് പിടിക്കുകയും,  മറ്റ് ചില വാർഡുകൾ കൂടി മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്്ലീം ലീഗിന്  പിടിക്കാനായാൽ, എട്ട് സിറ്റിംഗ് വാർഡുകൾ ഉൾപ്പെടെ നിലനിർത്തിയാൽ യുഡിഎഫ് ഇക്കുറി പള്ളിക്കര പഞ്ചായത്തിലാദ്യമായി അധികാരത്തിലെത്തുമെന്ന്  യുഡിഎഫ് കൺവീനർ ആശങ്കയ്ക്കിടയില്ലാതെ പറയുന്നു.

Read Previous

കിണറ്റിലെ ജഡം കൊലയെന്ന് ഉറപ്പിച്ചു

Read Next

പെരിയ ഇരട്ടക്കൊലയിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ