ദുർഗന്ധത്താൽ പൊറുതിമുട്ടി പാലക്കുന്ന്

നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത്

പാലക്കുന്ന് : ചെളിവെള്ളകെട്ടും ദുർഗന്ധവും  ഒപ്പം കൊതുകു  ശല്യവും. പൊറുതിമുട്ടി വ്യാപാരികളും മിനി ടെമ്പോ ഡ്രൈവർമാരും യാത്രക്കാരും.

പാലക്കുന്ന് കവലയിൽ ക്ഷേത്ര ഗോപുരത്തിന് എതിർവശത്ത്   കെ.എസ്.ടി.പി റോഡിനോട്‌ ചേർന്ന   പൊതു ഇടം  മഴക്കാലമായാൽ ഇങ്ങനെയാണ്.  ഇരുപതോളം ചെറുകിട കച്ചവട സ്ഥാപനങ്ങളും മിനി ടെമ്പോ സ്റ്റാൻഡും ഡ്രൈവർമാരുടെ വക ഉത്സവകാല കുടിവെള്ള വിതരണ കോൺക്രീറ്റ് മണ്ഡപവും വിശ്രമ കേന്ദ്രവും ഇവിടെയാണ്.

ഈ ചെളിക്കുളത്തിലൂടെ നടന്ന് വേണം ആളുകൾക്ക്‌ അപ്പുറം കടക്കാൻ . ലോക്ഡൗണിനെ തുടർന്നുള്ള മാന്ദ്യത്തിന് പുറമെ ഈ ചെളിക്കുള ദുരിതവും കൂടിയായപ്പോൾ  ഷോപ്പിംഗിനായി ആളുകളില്ലാതെ ഇവിടുത്തെ  വ്യാപാരികൾ കൊതുകു കടിയും ദുർഗന്ധവും സഹിച്ച്  പൊറുതിമുട്ടികഴിയുകയാണ്.   

ചെളിവെള്ളത്തിലൂടെ ദുർഗന്ധവും കൊതുക് കടിയും സഹിച്ച് കാൽനട യാത്ര സാധ്യമല്ലെന്നതിനാൽ കച്ചവട സ്ഥാപനങ്ങൾ ആളില്ലാതെ ശൂന്യം. മഴക്കാലമായാൽ ഈ പതിവ് കാഴ്ച മൂന്ന് വർഷമായി  തുടരുന്നു.  പഞ്ചായത്തിൽ പരാതി നൽകി മടുത്തുവെന്ന്  വ്യാപാരികളും പരിസരവാസികളും പറയുന്നു.

പി.ഡബ്ള്യു.ഡി.യുടെ കീഴിലാണ് ഈ ഇടമെങ്കിലും പഞ്ചായത്ത് ചെലവിൽ ഇത്  കോൺക്രീറ്റ് ചെയ്യാനും ഓവുചാൽ നിർമ്മിക്കാനും നാലു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എ.മുഹമ്മദലിയും വാർഡ് അംഗം  കാപ്പിൽ മുഹമ്മദ് പാഷയും പറഞ്ഞു  അറിയിച്ചു. പി.ഡബ്ല്യൂ.ഡി. യുടെ അനുമതി കിട്ടിയാലുടനെ പണി ആരംഭിക്കുമെന്നവർ അറിയിച്ചു.

LatestDaily

Read Previous

അബുദാബിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

Read Next

രോഗിയുമായി കാഞ്ഞങ്ങാട് നിന്നും പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു