രക്ഷിതാക്കളെ ചീത്ത വിളിച്ചത് കൊലയ്ക്ക് കാരണം, മരണം നെഞ്ചിലേറ്റ അടി മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

പ്രതി റിമാന്റിൽ ∙ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല 

ബേക്കൽ: വയറു നിറയെ ഭക്ഷണവും മദ്യവും നൽകിയപ്പോൾ, മാതാപിതാക്കളെ ചീത്തവിളിച്ചതിൽ പ്രകോപിതനാക്കിയാണ് കർണാടക സ്വദേശിയായ മദ്ധ്യവയസ്ക്കനെ കൊല്ലപ്പെടുത്താൻ  കാരണമായതെന്ന് പോലീസ് അറ്സറ്റ് ചെയ്ത പ്രതി കർണ്ണാടക നാഗൂർ ബൽക്കോട്ടെ സങ്കനെ ഗൗഡയുടെ മകൻ ഉമേശ് ഗൗഡ 36, ബേക്കൽ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ 14- ന് രാത്രി 11 മണിയോടെയാണ് കർണ്ണാടക സ്വദേശി കോട്ടിക്കുളത്ത് അടിയേറ്റ് കൊല്ലപ്പെട്ടത്. പരിയാരത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരത്തടികൊണ്ട് നെഞ്ചിലേറ്റ അടിയാണ് മരണ കാരണമായതെന്ന് വ്യക്തമായി.  തലക്കും  നെഞ്ചിലും പരിക്കുണ്ടായിരുന്നതിനാൽ, തലക്കടിയേറ്റാണ് കർണ്ണാടക സ്വദേശി കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

നീളമേറിയ മരത്തടികൊണ്ട് നെഞ്ചിലേക്ക് ആഴത്തിലേറ്റ അടി കർണ്ണാടക സ്വദേശിയുടെ മരണത്തിന് കാരണമായതെന്ന് വിദഗ്ധ പോസ്റ്റമോർട്ടത്തിൽ വ്യക്തമായതോടെ ഉമേശ് ഗൗഡയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന രാത്രി ഗൗഡയും കൊല്ലപ്പെട്ട മദ്ധ്യവയസ്ക്കനും കോട്ടിക്കുളത്ത് ഒരുമിച്ച് കൂടുകയും ഉമേശ് ഗൗഡയുടെ ചെലവിൽ ഭക്ഷണവും മദ്യവും കഴിക്കുകയും ചെയ്തിരുന്നു. മദ്യം കഴിച്ച് ലഹരി മൂത്തതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമായി. കർണ്ണാടക സ്വദേശി ഉമേശ് ഗൗഡയുടെ മാതാപിതാക്കളെ അസഭ്യം പറഞ്ഞതോടെ  പ്രകോപിതനായ പ്രതി കൊലപാതകം നടത്തുകയായിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം ജഡം കെഎസ്ടിപി റോഡരികിൽ കൂടി കോട്ടിക്കുളത്തെ കടയുടെ വരാന്തയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു. കോട്ടിക്കുളത്തെ പ്രവാസിയുടെ വീടിന്റെ രാത്രികാല കാവൽക്കാനാണ് പ്രതി ഉമേശ് ഗൗഡ. സ്വദേശം കർണാടകയെണെങ്കിലും വർഷങ്ങളായി പ്രതി പാലക്കുന്നിലാണ് താമസം. വീടുകൾക്ക് കാവൽ നിൽക്കുന്നതോടൊപ്പം വിവിധ ജോലികളും പ്രതി ചെയ്തിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം കർണാടക സ്വദേശിയുടെ ജഡം പാലക്കുന്ന് കോടി കടപ്പുറം ശ്മശാനത്തിൽ പോലീസ് സംസ്കരിച്ചു. കൊല്ലപ്പെട്ട വ്യക്തിയെ ഇനിയും തിരിച്ചറിയാനായിട്ടില്ല.  കർണാടക സ്വദേശിയുടെ മേൽവിലാസമോ ബന്ധുക്കളെയോ അറിയുന്നവർ വിവരം നൽകണമെന്ന് ബേക്കൽ പോലീസ് ആവശ്യപ്പെട്ടു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഉമേശ് ഗൗഡയെ കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

രണ്ട് ദിവസത്തിനിടെ 6 മരണങ്ങൾ; ജില്ലയ്ക്ക് ദുഃഖക്കണി

Read Next

സഞ്ചരിക്കാൻ കോവിഡില്ലാ സർട്ടിഫിക്കറ്റ്, പ്രതിഷേധം, റവന്യു മന്ത്രി ജില്ലാ കലക്ടറെ തിരുത്തി