വഴി ചോദിച്ചത്തിയ ആൾ വീട്ടമ്മയുടെ മൂന്നര പവൻ മാല പറിച്ച് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് : സ്കൂട്ടി നിർത്തി വഴി ചോദിച്ച മോഷ്ടാവ്, റോഡരികിൽ പശുവിനെ തീറ്റിക്കുകയായിരുന്ന വീട്ടമ്മയുടെ മൂന്നേകാൽ പവൻ സ്വർണ്ണ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. പാലക്കുന്ന് തിരുവക്കോളിയിലെ ബാലകൃഷ്ണന്റെ ഭാര്യ ശാരദയുടെ 60, കഴുത്തിൽ നിന്നും മാല പൊട്ടിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.

ഇന്നലെ രാവിലെ 9.30 മണിയോടെ വീടിന് സമീപം ഇടവഴിയരികിൽ പശുവിനെ മേയ്ക്കുകയായിരുന്നു ശാരദ. ഇത് വഴി സ്കൂട്ടി ഒാടിച്ച് വന്ന അപരിചിതൻ ശാരദയെ കണ്ട് വാഹനം നിർത്തി പ്രദേശവാസിയുടെ വീടന്വേഷിക്കാനെന്ന വ്യാജേന സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ശാരദയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.

വീട്ടമ്മ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. ബേക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. മോഷ്ടാവ് ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും മുഖം മറച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ച് കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read Previous

യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് എതിരെ വധ ഭീഷണി

Read Next

അംഗത്വം രാജിവെച്ച ലീഗ് കൗൺസിലർമാരെ മണ്ഡലം കമ്മിറ്റി ആദരിച്ചു