പാലക്കാട് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന് പിന്നിൽ നിന്ന് ഹോൺ മുഴക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. കേസിൽ ഒരാളെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവറായ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്.

പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ബസിന്‍റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണൻ. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിന് മുമ്പ് രാധാകൃഷ്ണനെ ബസിൽ നിന്ന് വലിച്ചിഴച്ച് യുവാക്കൾ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. പ്രതികൾ പ്രദേശവാസികളാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. യുവാക്കളുമായി തനിക്ക് മുൻ പരിചയമില്ലെന്ന് രാധാകൃഷ്ണൻ പൊലീസിനെ അറിയിച്ചിരുന്നു.

Read Previous

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ക്യാംപയിൻ; ഗുജറാത്ത് പിടിക്കാൻ എഎപി

Read Next

പഞ്ചസാര കയറ്റുമതി; ഒരു വർഷത്തേക്ക് കൂടി കേന്ദ്രം നിയന്ത്രണങ്ങൾ നീട്ടി