ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് നേരെ മുഖം തിരിച്ച് പാക് ഉദ്യോഗസ്ഥൻ. ന്യൂഡൽഹിയിൽ ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുത്ത പാക് പ്രതിനിധി മുഹ്സിൻ ബട്ടിനോടായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്നാൽ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പകരം, ചുണ്ടിൽ ചൂണ്ടുവിരൽ വെച്ച് ചോദിക്കരുത് എന്നായിരുന്നു മുഹ്സിൻ ബട്ടിന്റെ പ്രതികരണം.
ഇന്‍റർപോളിന്‍റെ 90-ാമത് പൊതുസഭാ യോഗം ഈ വർഷം ഡൽഹിയിലാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്‍റർപോൾ പ്രസിഡന്‍റ് അഹമ്മദ് നാസർ അൽ റൈസി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് എഫ്.ഐ.എ ഡയറക്ടർ ജനറൽ മുഹ്സിൻ ബട്ട് ഉൾപ്പെടെ രണ്ട് പേർ യോഗത്തിൽ പങ്കെടുത്തു. അതിർത്തി കടന്നുള്ള ഭീകരവാദവും കശ്മീർ വിഷയവും ഉൾപ്പെടെയുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഡൽഹിയിൽ നടക്കുന്ന ഇന്‍റർപോൾ യോഗത്തിൽ പാക് പ്രതിനിധികളുടെ പങ്കാളിത്തം.
നാല് ദിവസത്തെ ഇന്‍റർപോൾ ജനറൽ അസംബ്ലി യോഗം വെള്ളിയാഴ്ച സമാപിക്കും. 195 ഇന്‍റർപോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥരും വിവിധ അന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്‍റർപോൾ യോഗം ഇന്ത്യയിൽ നടക്കുന്നത്. ഇതിന് മുമ്പ് 1997ലാണ് ഇന്ത്യ ഈ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.