പടന്നയിൽ മുത്തപ്പൻ മടപ്പുരയെച്ചൊല്ലി സംഘർഷം: 200 പേർക്കെതിരെ കേസ്സ്

പടന്ന: പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ഇന്നലെയുണ്ടായ സംഘർഷത്തിൽ 200 പേർക്കെതിരെ പോലീസ് കേസ്സെടുത്തു. പോലീസിന്റെ ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്സ്. തെക്കേക്കാട് മുത്തപ്പൻ മടപ്പുരയുടെ അവകാശത്തർക്കത്തെതുടർന്നാണ് ഇന്നലെ തെക്കേക്കാട്ട് സംഘർഷമുണ്ടായത്.  തെക്കേക്കാട് മുത്തപ്പൻ ട്രസ്റ്റിന്റെ കൈവശമുള്ള മടപ്പുര ജനകീയ കമ്മിറ്റിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഇന്നലെ മടപ്പുര പരിസരത്ത് വിളിച്ചുചേർത്ത ജനകീയ കമ്മിറ്റിയോഗത്തിനിടെയാണ് സംഘർഷം.

മുത്തപ്പൻ മടപ്പുരയുടെ അവകാശത്തെച്ചൊല്ലി കുറെക്കാലമായി നടക്കുന്ന അവകാശത്തർക്കമാണ് ഇന്നലെ ജനകീയ കമ്മിറ്റി വിളിച്ചുചേർക്കുന്നതിൽ കലാശിച്ചത്. യോഗം വിളിക്കുന്നതിൽ മുത്തപ്പൻ ട്രസ്റ്റിനും ജനകീയ കമ്മിറ്റിക്കും വിലക്കുണ്ടായിരുന്നെങ്കിലും, വിലക്ക് ലംഘിച്ച് ജനകീയ കമ്മിറ്റി യോഗം വിളിച്ചു ചേർക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവ് എസ്. രമണന്റെ നേതൃത്വത്തിലാണ് ഇന്നലെ ജനകീയ കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. യോഗത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായതാണ് സംഘർഷത്തിന് കാരണം.

ജനകീയ കമ്മിറ്റി പ്രവർത്തകർ നടത്തിയ കല്ലേറിൽ ആംഡ് പോലീസ് ഉദ്യോഗസ്ഥൻ ലിനീഷിന് 30, പരിക്കേറ്റതോടെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും, യോഗത്തിൽ പങ്കെടുക്കാനെത്തിയ പി. കെ. സുമേഷ് 24, കെ. രമണി 46, കെ. നന്ദന 16, എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ രൂക്ഷമായതോടെ ജില്ലാ കലക്ടർ ഡി. സജിത്ത് ബാബു, എം. രാജഗോപാലൻ എംഎൽഏ എന്നിവർ സ്ഥലത്തെത്തി.

തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ പ്രവേശിക്കുന്നതിൽ നിന്നും ഇരുവിഭാഗത്തെയും ജില്ലാ കലക്ടർ തടഞ്ഞിട്ടുണ്ട്. മടപ്പുരയിൽ ദിവസവും വിളക്ക് തെളിക്കാൻ മാത്രം അനുവാദം നൽകിയിട്ടുണ്ട്.തെക്കേക്കാട്ടെ ഭാസ്ക്കരന് പതിച്ചു കിട്ടിയ ഭൂമിയിൽ നിന്നും 5 സെന്റ് മുത്തപ്പൻ ട്രസ്റ്റിന് കൈമാറിയതുമുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു വർഷം മുമ്പാണ് ഭൂമി തെക്കേക്കാട് മുത്തപ്പൻ ട്രസ്റ്റിന് കൈമാറിയത്.

ഫെബ്രുവരി 28-ന് മടപ്പുരയിലെ കളിയാട്ടം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മുത്തപ്പൻ ട്രസ്റ്റ് യോഗം വിളിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി എതിർവിഭാഗം രംഗത്തെത്തിയത്. ഇതോടെ രണ്ട് യോഗങ്ങൾക്കും പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് ഇന്നലെ മടപ്പുര പരിസരത്ത് ജനകീയ കമ്മിറ്റി യോഗം ചേർന്നത്.

പ്രദേശത്ത് സംഘർഷമുണ്ടായ സാഹചര്യത്തിൽ മുത്തപ്പൻ മടപ്പുരയ്ക്ക് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.  ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ, ഹൊസ്ദുർഗ്ഗ് ഐപി, ഇ. അനൂപ് കുമാർ, ചന്തേര എസ്ഐ, മെൽവിൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ഇന്നലെ രാത്രി 8-45 -ന് തെക്കേക്കാട് മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹി കെ. പി. ബാബുവിനെ ജനകീയ കമ്മിറ്റി പ്രവർത്തകൻ ദാസന്റെ നേതൃത്വത്തിൽ ആക്രമിച്ചതായി പരാതിയുണ്ട്. പടന്ന വടക്കേക്കാട്ടാണ് സംഭവം നടന്നത്. സംഘർഷം തുടർന്നാൽ മുത്തപ്പൻ മടപ്പുരയടങ്ങുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LatestDaily

Read Previous

ബിരുദ വിദ്യാർത്ഥിനി വീടുവിട്ടത് ചാറ്റിംഗിൽ പരിചയപ്പെട്ട പട്ടാളക്കാരനൊപ്പം

Read Next

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിൽ