പടന്നയിലും കോൺഗ്രസ് – ലീഗ് തർക്കം

തൃക്കരിപ്പൂർ: ചെറുവത്തൂർ പഞ്ചായത്തിന് പിന്നാലെ പടന്ന പഞ്ചായത്തിലും കോൺഗ്രസ് – ലീഗ് ബന്ധത്തിൽ വിള്ളൽ. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പടന്നയിൽ യുഡിഎഫ് ഘടക കക്ഷികളായ കോൺഗ്രസും, ലീഗും തമ്മിൽ അകലാൻ കാരണമായത്.

പടന്ന പഞ്ചായത്തിലെ 2-ാം വാർഡിനെച്ചൊല്ലിയാണ് പടന്ന പഞ്ചായത്തിൽ തർക്കം ഉടലെടുത്തത്. ലീഗ് കോൺഗ്രസിനായി മത്സരിക്കാൻ വിട്ടു കൊടുത്ത 2-ാം വാർഡ് ഇക്കുറി തിരികെ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ വനിതാ വാർഡായ 2-ാം വാർഡിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. 2020-ലെ തെരഞ്ഞെടുപ്പിൽ സീറ്റ് ലീഗിന് വിട്ടു കൊടുക്കണമെന്ന ധാരണാപത്രവും ഉണ്ടായിരുന്നു.

ഈ ധാരണയെ ലംഘിച്ചാണ് കോൺഗ്രസ് രണ്ടാം വാർഡിൽ അവകാശവാദം ഉന്നയിച്ചത്. 2-ാം വാർഡ് കിട്ടിയില്ലെങ്കിൽ മത്സരിക്കാൻ മറ്റൊരു വാർഡ് നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ലീഗ് ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. പടന്ന പഞ്ചായത്തിൽ കോൺഗ്രസിന് 2 സീറ്റുകൾ മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്നതാണ് ലീഗിന്റെ നിലപാട്.

പടന്ന പഞ്ചായത്ത് ഭരണ സമിതിയിലെ 15 സീറ്റുകളിൽ നിലവിൽ ഒമ്പതെണ്ണം യുഡിഎഫിനും, ആറെണ്ണം എൽ.ഡിഎഫിനുമാണ്. ഇതിൽ നിലവിൽ 6 സീറ്റ് ലീഗിനും 3 സീറ്റ് കോൺഗ്രസിനുമാണ്. 6 സീറ്റുകൾ എൽഡിഎഫിനാണ്. പടന്ന പഞ്ചായത്തിലെ സീറ്റ് തർക്കം പരിഹരിക്കാത്തതിനെത്തുടർന്ന് യുഡിഎഫ് ജില്ലാക്കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വിഷയം നില നിൽക്കുന്നതിനാൽ പടന്ന പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് ഇക്കുറി ഏറെ വിയർക്കേണ്ടി വരും. നിക്ഷേപത്തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പടന്ന പഞ്ചായത്തിലുള്ളവരാണ്. പടന്ന പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരിൽ യൂത്ത് ലീഗ് നേതാവായ പി.വി. മുഹമ്മദ് അസ്്ലവുമുണ്ട്.

അതേസമയം, യുഡിഎഫിന്റെ തൃക്കരിപ്പൂർ മണ്ഡലം ചെയർമാൻ വി.കെ.പി. ഹമീദലിയുടെ പേരും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുന്നുണ്ട്. പി.വി മുഹമ്മദ് അസ്്ലം പൊതു രംഗത്ത് സജീവമായി നിൽക്കുന്നയാളാണ്. പടന്ന പഞ്ചായത്തിലെ അംഗം കൂടിയായിരുന്നു. ചെറുവത്തൂർ പഞ്ചായത്തിൽ കാടങ്കോട് വാർഡിനെച്ചൊല്ലി ലീഗും, കോൺഗ്രസും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് പിന്നാലെയാണ് പടന്ന പഞ്ചായത്തിലും ലീഗ് – കോൺഗ്രസ് തർക്കം ഉടലെടുത്തത്.  കാടങ്കോട് വാർഡ് ലീഗിന് വിട്ടുകൊടുക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയതാണ് ചെറുവത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് – ലീഗ് ബന്ധം വഷളാക്കിയത്.

LatestDaily

Read Previous

യുവതിയുടെ തിരോധാനം തൃശ്ശൂർ സ്വദേശിയെ ചോദ്യം ചെയ്തു

Read Next

രാഹുൽ പയ്യന്നൂരിൽ പറന്നെത്തി