പടന്നക്കാട് കവർച്ച; മോഷ്ടാക്കളെത്തിയത് മരം കയറി

കാഞ്ഞങ്ങാട്: പടന്നക്കാട് വീട്ടിൽ നിന്നും 32 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത  കവർച്ചാസംഘം വീടിന്റെ മുകൾ നിലയിലെ ത്തിയത് മരം കയറി. പടന്നക്കാട് മേൽപ്പാലത്തിന് സമീപം താമസിക്കുന്ന എൽ ഐസി അഡ്വൈസർ എൻ.ഏ. ഹൈദരലിയുടെ വീട്ടിൽ ഓഗസ്റ്റ് 3-ന് വെള്ളിയാഴ്ച രാത്രി നടന്ന വൻ കവർച്ചയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുകൾ നിലയിലെ കിടപ്പു മുറിയുടെ വാതിൽ തുറന്നാണ് കവർച്ച നടന്നത്. വീടിന്റെ പിറക് വശത്തുള്ള മാവിൽകയറി വീടിന്റെ മുകൾ നിലയിലിലെത്തിയ കവർച്ചാ സംഘം വാതിലിനോട് ചേർന്നുള്ള ജനാലയുടെ വാതിൽകൊളുത്ത് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തുറക്കുകയും, തുറന്ന ജനാല പാളിയിലൂടെ അകത്തേക്ക് കൈകടത്തി വാതിലിന്റെ കൊളുത്ത് മാറ്റിയുമാണ് അകത്ത് കയറിയതെന്ന് പോലീസ് ഉറപ്പാക്കി.

മുകൾ നിലയിലെ വാതിലിനോട് ചേർന്ന് ജനാലയുള്ളത് കവർച്ചക്കാർക്ക് മോഷണം എളുപ്പമാക്കി. വീട്ടുകാരെല്ലാവരും താഴത്തെ നിലയിലാണ് ഉറങ്ങാൻ കിടന്നത്. ശനിയാഴ്ച്ച രാവിലെയാണ് കുടുംബം കവർച്ചാ വിവരം അറിഞ്ഞത്. ഹൈദരലിയുടെ മകൾ തസ്നിയയുടെ ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. വാതിൽ തുറന്ന് അകത്തു കടന്ന കവർച്ചാ സംഘം സ്വർണ്ണാഭരണം സൂക്ഷിച്ച അലമാര കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

എട്ടര പവൻ തൂക്കമുള്ള മാല, എട്ട് പവന്റെ മറ്റൊരു മാല, പതിനഞ്ചരപവൻ വരുന്ന എട്ട് വളകളും ഒരു മുക്ക് പണ്ടമാലയുമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധരെയും പോലീസ് നായയേയും സ്ഥലത്തെത്തിച്ച് പോലീസ് നടത്തിയ പരിശോധനയിൽ പോലീസിന് സുപ്രധാന തെളിവുകൾ ലഭിച്ചു. ഫോൺകോളുകളും സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം. വീടുമായി അടുത്തറിയാവുന്നവരോ, ഇവരുടെ സഹായമോ കൂടാതെ കവർച്ച നടക്കില്ലെന്നുറപ്പാക്കിയ അന്വേഷണസംഘം ഈ വഴിക്കുള്ള അന്വേഷണത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെ സഹായമില്ലാതെ കവർച്ച നടക്കില്ലെന്നുറപ്പാക്കിയ പോലീസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ്. പ്രതികളെക്കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഓൺലൈൻ ആപ്പ് വഴി സാധനങ്ങൾ ബുക്ക് ചെയ്ത ഉപഭോക്താവിന്റെ വിവരങ്ങൾ ചോർന്നു, പണം തട്ടാൻ ശ്രമം

Read Next

വ്യാജ ദിർഹത്തട്ടിപ്പ് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു