സീരിയൽ ഭ്രാന്ത് യുവതി മുംബൈയിലെത്തിയത് ശിവ ഭഗവാൻ സീരിയൽ നായകനെ കാണാൻ

കാഞ്ഞങ്ങാട്: അഞ്ച് വയസ്സുള്ള മകൾക്കൊപ്പം യുവതി കാഞ്ഞങ്ങാട്ട് നിന്നും മംഗളൂരുവിലെത്തി, അവിടെ നിന്നും മുംബൈയിലേക്ക് പറന്നത് ശിവ ഭഗവാനായി അഭിനയിക്കുന്ന സീരിയൽ നടനെ കാണാൻ. സീരിയൽ ഭ്രാന്ത് മൂത്ത് മുംബൈയിലെത്തിയ യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ മുസ്ലീം ജമാഅത്ത് ഭാരവാഹികളുടെയും യൂത്ത് കോൺഗ്രസ്സ് നേതാവിന്റെയും ഇടപെടൽ കൊണ്ട് മാത്രം തിരിച്ചു കിട്ടുകയായിരുന്നു.

പടന്നക്കാട് താമസിക്കുന്ന കുമ്പള സ്വദേശിനി  ഭർതൃമതിയെയാണ് മകൾക്കൊപ്പം കഴിഞ്ഞ ബുധനാഴ്ച കാഞ്ഞങ്ങാട്ട് നിന്നും കാണാതായത്. ശിവ ഭഗവാൻ പ്രധാന കഥാപാത്രമായുള്ള ഹിന്ദി സീരിയൽ സ്ഥിരമായി കാണാറുള്ള 29 കാരി  ഈ സീരിയലിൽ  നായകനായി അഭിനയിക്കുന്ന മോഹിത് റെഹ്ന എന്ന  നടന്റെ ആരാധികയായി മാറി നടനെ കാണാനാണ് മുംബൈയിലേക്ക് പറന്നത്.

സീരിയൽ നടനോടുള്ള ആരാധന അമിതമായതോടെ യുവതി രണ്ടും കൽപ്പിച്ച് മുംബൈയിലേക്ക് പറക്കുകയായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും തിരോധാനത്തിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് പോലീസും ബന്ധുക്കളും ഫോണിലൂടെ മാറി മാറി ബന്ധപ്പെട്ടിട്ടും,  യുവതി മൊബൈൽ ഫോണിൽ സംസാരിക്കാൻ തയ്യാറായില്ല.

യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ മുംബൈയിൽ നിന്നും ലഭിച്ചതറിഞ്ഞ യൂത്ത് കോൺഗ്രസ്സ്  ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ, മുംബൈ മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായ മലയാളി കൂടിയായ സി. എച്ച്. അബ്ദുൾ റഹ്മാനുമായി ബന്ധപ്പെട്ടിരുന്നു. വീട്ടുകാരോട് അബ്ദുൾ റഹ്മാൻ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഹിന്ദി സീരിയൽ പതിവായി കാണാറുണ്ടെന്നും, സീരിയൽ നടൻ മോഹിത് റെഹ്നയുടെ ആരാധികയാണെന്നും മനസ്സിലാക്കി.

സി. എച്ച്. അബ്ദുൾ റഹിമാൻ യുവതിയുടെ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോണെടുത്തിരുന്നില്ല. സീരിയൽ നായകൻ മോഹിത് റെയ്നയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി സി. എച്ച്. അബ്ദുൾ റഹിമാൻ യുവതിക്ക് മെസ്സേജയച്ചു. താൻ മോഹിത് റെയ്നയുടെ പ്രൊഫൈൽ ചിത്രമുള്ള ഫോൺ നമ്പറിൽ നിന്നും അബ്ദുൾ റഹ്മാൻ വിളിച്ചപ്പോൾ യുവതി ഫോൺ എടുത്തു.

താൻ മുംബൈ എയർപോർട്ടിൽ നടനെ കാത്ത് നിൽക്കുകയാണെന്ന് യുവതി അറിയിച്ചു. മുംബൈ താമസ സ്ഥലത്ത് നിന്നും ഒരു മണിക്കൂറോളം സഞ്ചരിച്ച് മുംബൈ എയർപോർട്ടിലെത്തിയ സി. എച്ച്. അബ്ദുൾ റഹ്മാനും മുസ്ലീം ജമാഅത്ത് ഭാരവാഹികളും യുവതിയെയും കുഞ്ഞിനെയും എയർപോർട്ടിൽ കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു.

വൈകുന്നേരം നാട്ടിൽ നിന്നുമെത്തിയ ബന്ധുക്കൾ മുസ്ലീം ജമാഅത്ത് ഭാരവാഹികൾക്ക് നന്ദിയറിയിച്ച് യുവതിയെയും കുട്ടിയെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഹൊസ്ദുർഗ് പോലീസ് മൊഴിയെടുത്ത ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം പോയി.

LatestDaily

Read Previous

സാമ്പത്തിക ക്രമക്കേട് ജില്ലയിലെ സഹ. ബാങ്കുകളിൽ പാർട്ടി ഇടപെടും

Read Next

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കാമുകനെത്തേടി ഭർതൃമതി പിലിക്കോട്ട്