പടന്നക്കാട്ട് വിജയം അത്ര എളുപ്പമല്ല

കാഞ്ഞങ്ങാട്: വാർഡ് നിലനിർത്തേണ്ടത് മുസ്ലീം ലീഗിന്റെയും, പിടിച്ചെടുക്കേണ്ടത് ഇടതു മുന്നണിയുടെയും അഭിമാനപ്രശ്നമാകുമ്പോൾ കാഞ്ഞങ്ങാട് നഗരസഭ 27-ാം വാർഡായ പടന്നക്കാട് മൽസരം കടുക്കും. കഴിഞ്ഞ തവണ മുസ്ലീം ലീഗിലെ അബ്ദുൾ റസാഖ് തായിലക്കണ്ടി 24 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ ഇരു കക്ഷികളും നിലനിൽപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

പടന്നക്കാട് വാർഡിൽ ഇക്കുറി ഇടതുസ്ഥാനാർത്ഥിയായി മൽസരിക്കുന്നത് മുൻ നഗരസഭാ വൈസ് ചെയർപേഴ്സണായ എൽ. സുലൈഖയാണ്.  സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രതിനിധിയായ ഇവർ ഐഎൻഎൽ പ്രതിനിധിയായാണ് പോരിനിറങ്ങുന്നത്. ജനസമ്മതിയുള്ള വനിതാ നേതാവെന്ന നിലയിൽ എൽ. സുലൈഖയുടെ വിജയം ഐഎൻഎല്ലിനും ഇടതു മുന്നണിക്കും അനിവാര്യമാണ്.

പടന്നക്കാട് വാർഡ് വനിതാ വാർഡായതോടെ അവിടുത്തെ മുൻ കൗൺസിലറായിരുന്ന അബ്ദുൾ റസാഖ് തായിലക്കണ്ടിയുടെ ഭാര്യ ഹസീന റസാഖിനെത്തന്നെയാണ് ലീഗ് മൽസര രംഗത്തിറക്കിയത്. 2000- 2005 വർഷത്തിൽ നീലേശ്വരം പഞ്ചായത്തിൽ തൈക്കടപ്പുറം വാർഡിനെ പ്രതിനിധീഭവിച്ച ഹസീന പടന്നക്കാട് വനിതാ ലീഗ് കമ്മിറ്റി ഖജാൻജി കൂടിയാണ്. നീലേശ്വരം എക്സ് ഗൾഫ്മെൻ സൊസൈറ്റി മുൻ ഡയറക്ടർ കൂടിയായിരുന്നു.

കഴിഞ്ഞ തവണ പടന്നക്കാട് വാർഡിൽ ഐഎൻഎൽ നേതാവ് ബിൽടെക് അബ്ദുള്ളയെയാണ് അബ്ദുൾറസാഖ് 24 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരായജപ്പെടുത്തിയത്. ഈ ഭൂരിപക്ഷത്തെ മറികടക്കാനാകുമെന്ന് തന്നെയാണ് ഐഎൻഎല്ലിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. ലീഗിന്റെ ശക്തികേന്ദ്രമായ പടന്നക്കാട് വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസ്സ് വോട്ടുകളിൽ ചോർച്ചയുണ്ടായതാണ് ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയാൻ കാരണമായത്.

അന്നത്തെ സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നാണ് ഐക്യ ജനാധിപത്യ മുന്നണി അവകാശപ്പെടുന്നത്. ഇടതുമുന്നണിയുടെയും ഐക്യജനാധിപത്യ മുന്നണിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന മൽസരം തന്നെയാണ് 27-ാം വാർഡായ പടന്നക്കാട് നടക്കുന്നത്. പടന്നക്കാട്ടെ മൽസരം ഇരുമുന്നണികൾക്കും അത്ര എളുപ്പമാകില്ലെന്നാണ് സൂചന.

LatestDaily

Read Previous

ബ്ലാക്ക്മെയിലിംഗിന് പിന്നിൽ പക

Read Next

ലീഗ് വിമത സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്ക് നേരെ അക്രമം