വിവാഹ മാമാങ്കം: ബേക്കൽ ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ പ്രമാദമായ വിവാഹ മാമാങ്കദൃശ്യം ഉൾപ്പെടുന്ന സിസിടിവി ക്യാമറകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട്ടെ  ഗ്യാസ് ഏജൻസി ഉടമ സ്റ്റീഫന്റെ    മകളുടെ മൈലാഞ്ചി കല്ല്യാണം കോവിഡ് മാനദണ്ഡങ്ങൾ പാടെ ലംഘിച്ച് ആർഭാടമായി നടത്തിയ വാർത്ത ലേറ്റസ്റ്റ് പുറത്ത് വിട്ടിരുന്നു.  മുൻ സൈനികനായ സ്റ്റീഫൻ കേരള കോൺഗ്രസ്സ് മാണി പ്രവർത്തകനാണ്. 

കോവിഡ് വ്യാപനം അതിരൂക്ഷമായ ജൂലായ് ആദ്യവാരം കാഞ്ഞങ്ങാട് നഗരസഭയുൾപ്പെടെ അടച്ചുപൂട്ടിയ സമയത്താണ് ബേക്കൽ ക്ലബ്ബിൽ തകർപ്പൻ കല്ല്യാണച്ചടങ്ങുകൾ നടന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെയും ജില്ലാ പഞ്ചായത്തിലുമുള്ള ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

സന്ധ്യയ്ക്ക് 7 മണിക്കാരംഭിച്ച ചടങ്ങ് രാത്രി 11 മണിവരെ നീണ്ട് നിന്നപ്പോൾ, നൂറ് കണക്കിനാളുകളാണ് ആഘോഷച്ചടങ്ങിൽ സംബന്ധിച്ചത്. കല്ല്യാണത്തിന് മാറ്റുകൂട്ടാൻ  സ്റ്റേജിൽ പത്തിലധികം പെൺകുട്ടികൾ അണി നിരന്ന നൃത്തനൃത്തങ്ങളും അരങ്ങേറി .  2021 ജൂലായ്  4-ന് ഞായറാഴ്ച നടന്ന വിവാഹ മാമാങ്കം പ്രദേശത്തെ സെക്ടർ മജിസ്ട്രേറ്റും നിയമപാലകരും കാഞ്ഞങ്ങാട് നഗരസഭാധികൃതരും ഹൊസ്ദുർഗിൽ ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരുമടക്കം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

പുതുതായി ഹൊസ്ദുർഗിൽ കഴിഞ്ഞയാഴ്ച  ചുമതലയേറ്റ പോലീസുദ്യോഗസ്ഥരാണ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചത്. ബേക്കൽ ക്ലബ്ബിലെത്തിയ പോലീസ് വിവാഹാഘോഷം സംബന്ധിച്ച് ക്ലബ്ബധികാരികളോട് കാര്യങ്ങൾ ആരാഞ്ഞു. സിസിടിവി ക്യാമറകൾ പോലീസ് ഹാജരാക്കാൻ നിർദ്ദേശിച്ചതിനെത്തുടർന്ന്   ക്ലബ്ബിലെ ബന്ധപ്പെട്ടവർ സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും ഹൊസ്ദുർഗ് പോലീസിന്  കൈമാറിയിട്ടുണ്ട്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

കോളേജ് വിദ്യാർത്ഥിനി മലപ്പുറം യുവാവിനൊപ്പം വീടുവിട്ടു

Read Next

കാഞ്ഞങ്ങാട്ട് ആഴ്ചയിൽ 3 ദിവസം കടകൾ തുറക്കാം