പടന്നക്കാട് ക്ലബ്ബിൽ വിവാഹ മാമാങ്കം , ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തത് നൂറ് കണക്കിനാളുകൾ

കാഞ്ഞങ്ങാട്:  പടന്നക്കാട് ക്ലബ്ബിൽ ഭരണ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹാഘോഷ മാമാങ്കം. കോവിഡ് പ്രോട്ടോകോളിന്റെ നഗ്നമായ ലംഘനമാണ് ജനപ്രതിനിധികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ നടന്നത്. ഗ്യാസ് ഏജൻസി ഉടമയായ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹത്തിന് മുന്നോടിയായി നടന്ന മൈലാഞ്ചി കല്ല്യാണച്ചടങ്ങിൽ 500 ഒാളം പേർ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാടെ കാറ്റിൽ പറത്തി നടന്ന ചടങ്ങിനെതിരെ ജനങ്ങളിൽ നിന്ന് അതിരൂക്ഷമായ വിമർശനമുയർന്നു. ഒരാഴ്ച മുമ്പാണ് പടന്നക്കാട് ക്ലബ്ബിൽ യുവതിയുടെ വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചി  കല്ല്യാണച്ചടങ്ങ് നടന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ പ്രമുഖ വനിത ജനപ്രതിനിധി, നഗരസഭയിലെ മുൻ ജനപ്രതിനിധി, ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ഉന്നത വനിതയുൾപ്പെടെ ഒട്ടേറെ ജനപ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥരും ആൾക്കൂട്ട ചടങ്ങിൽ പങ്കെടുത്തു.

ഉത്സവഛായയിൽ പടന്നക്കാട് ക്ലബ്ബ് പ്രകാശപൂരിതമാക്കി അലങ്കരിച്ചിരുന്നു മൈലാഞ്ചി കല്ല്യാണ ആഘോഷച്ചടങ്ങുകൾ പൊടിപൊടിച്ചത്. രാജകീയ പ്രൗഢിയിൽ അലങ്കരിച്ച ഇരിപ്പിടവും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ഭക്ഷണം വിളമ്പിയതും. വൈകുന്നേരം  6 മണി മുതൽ ചടങ്ങിലേക്ക് ജനപ്രതിനിധികൾ ഉൾപ്പെടെ ക്ഷണിതാക്കൾ ഒഴുകിയെത്തി. രാത്രി 11 മണി വരെ ചടങ്ങ് നീണ്ടുനിന്നു. പരിപാടിക്കിടയിൽ ഗംഭീര ഗാനമേളയും, ഡാൻസും സംഘടിപ്പിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ കോവിഡ് അതിരൂക്ഷമായിരിക്കുകയും, നഗരസഭയെ ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാടിനെ അടച്ച് പൂട്ടിയപ്പോഴാണ് കഴിഞ്ഞ 4–ാം തീയ്യതി ഞായറാഴ്ച  പടന്നക്കാട് ക്ലബ്ബിൽ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങ്  വൻ മാമാങ്കമായി കൊണ്ടാടിയത്.

ചടങ്ങിന്റെയുൾപ്പെടെ ദൃശ്യം ക്ലബ്ബിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നിർധനരായ പെൺകുട്ടികളുടെ വിവാഹച്ചടങ്ങിൽ ഇരുപതിലധികം പേർ പങ്കെടുത്താൽ വാളെടുക്കുന്ന നിയമപാലകർ 4–ാം തീയ്യതി പടന്നക്കാട് ക്ലബ്ബിൽ നടന്ന വിവാഹ മാമാങ്കം കണ്ടില്ലെന്നു നടിച്ചു. പ്രമുഖ ജനപ്രതിനിധികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തപ്പോൾ നിയമം ഇവർക്ക് വഴി മാറി.

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ കല്ലൂരാവി ബാവനഗറിൽ 20 പേർ പങ്കെടുത്ത് നടന്ന അനാഥ പെൺകുട്ടിയുടെ വിവാഹച്ചടങ്ങിൽ ഭക്ഷണം പാചകം ചെയ്തത് കൂടിപ്പോയെന്ന് പറഞ്ഞ് ഭക്ഷണം കുഴിച്ചുമൂടാൻ ആവശ്യപ്പെട്ട ഹൊസ്ദുർഗിലെ  മുൻ പോലീസുദ്യോഗസ്ഥനും, സെക്ട്രർ മജിസ്ട്രേറ്റുമാരും പടന്നക്കാട് ക്ലബ്ബിൽ നടന്ന വിവാഹമാമാങ്കം കണ്ടില്ലെന്ന് നടിച്ചു.

LatestDaily

Read Previous

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പാമ്പ്; എസ്ഐ റോഡിൽ ചാടി

Read Next

മടിക്കൈ സ്കൂളിൽ നൂറോളം എസ്എസ്എൽസി ബുക്കുകൾ കാണാതായി