പി. ബേബിയും സി. പ്രഭാകരനും കെട്ടഴിക്കുന്നു

കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന് മടിക്കൈ പഞ്ചായത്തിൽ നിന്നുള്ള യാദവ കമ്മ്യൂണിസ്റ്റ് വോട്ടുകൾ ചോർന്നുപോയെന്ന ആരോപണം മടിക്കൈ നാട്ടിൽ ശക്തമായി പടർന്നു പിടിച്ചതോടെ, പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ പെരിയേടത്ത് ബേബിയും , സി. പ്രഭാകരനും പരസ്പരം ആരോപണങ്ങളുടെ കെട്ടഴിച്ചു തുടങ്ങി.

പി. ബേബി കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയും,  സി. പ്രഭാകരൻ മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ മുൻ അധ്യക്ഷനുമാണ്. കമ്മ്യൂണിസ്റ്റ് വോട്ടുകൾ മടിക്കൈയുടെ ചരിത്രത്തിൽ  ഇത്തവണ    ജാതിവോട്ടുകളായി രൂപാന്തരം പ്രാപിച്ചതായി ഏതാണ്ടുറപ്പായ സാഹചര്യത്തിൽ ഇതിന് പൂർണ്ണ ഉത്തരവാദികൾ സി. പ്രഭാകരനും, പി. ബേബിയുമാണെന്നാണ് കണ്ടെത്തൽ.

മടിക്കൈയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ  ഈ ആരോപണം പ്രഭാകരന്റേയും ബേബിയുടെയും തലയിൽ ചുമടായി വെക്കുകയും ചെയ്തു. സി. പ്രഭാകരൻ ജാതികൊണ്ട് തീയ്യ വിഭാഗക്കാരനാണ്. പി. ബേബി  യാദവ സ്ത്രീയാണ്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിത്വം  ലഭിക്കാൻ പി. ബേബി മടിക്കൈയിലെ യാദവ കഴകത്തിൽപ്പെട്ട പ്രബലരുടെ പിന്തുണ തേടിയിരുന്നുവെന്ന് പ്രഭാകരൻ പക്ഷം പറയാതെ പറയുമ്പോൾ,  സി. പ്രഭാകരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാകാൻ പ്രദേശത്തെ തീയ്യ പ്രബലരുടെയും  എസ്എൻഡിപി നേതൃത്വത്തിന്റേയും സഹായം തേടിയെന്ന് പി. ബേബിയും  മനസ്സിൽ പറയുന്നു.

നവോത്ഥാന  നായകരായ ഇഎംഎസ്സും,  ഇ.കെ. നായനാരും കൊഴുമ്മൽ കെ. മാധവനും എൻജി കമ്മത്തുമെല്ലാം ജാതീയതയ്ക്കെതിരെ പൊരുതി കെട്ടിപ്പടുത്ത ചുവന്ന മണ്ണാണ് മടിക്കൈ. ആ മടിക്കൈയിൽ പലവഴിക്കും ഇന്ന് രാഷ്ട്രീയം ജാതീയതയ്ക്ക് വഴി മാറി കൊടുക്കാൻ തുടങ്ങിയിട്ട് നാളുകളായി. കമ്മ്യൂണിസ്റ്റ് നാട്ടിലെ  ജാതീയതയെ മുളയിൽ തന്നെ  അറുത്തു മാറ്റാൻ പി. ബേബിക്കും, സി. പ്രഭാകരനും ഇവരുടെ പാർട്ടി പ്രവർത്തനം കൊണ്ട് കഴിയാതെ പോയി.

പകരം പാർട്ടിയുടെ തണലിൽ  “സ്വയം വളരുക” എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയമാണ് ഇപ്പോൾ നടപ്പായത്. ഈ ജാതീയതയുടെ പ്രകടമായ ബഹിർസ്ഫുരണമാണ് മടിക്കൈയിൽ കമ്മ്യൂണിസ്റ്റ്  വോട്ടുകൾ ജാതിവോട്ടുകളായി തരം തിരിഞ്ഞുപോയ സംഭവം. ഇനി നാലുനാൾ മാത്രം കാത്തിരുന്നാൽ  മടിക്കൈയുടെ യഥാർത്ഥ ചിത്രം പാർട്ടി തന്നെ പുറത്തുവിടും.

LatestDaily

Read Previous

ഇക്കയുടെ കൂടെ പോകുന്നു: അഞ്ജലി

Read Next

കാഞ്ഞങ്ങാട്ടെ എഞ്ചിനീയർ ബംഗളൂരിൽ കോവിഡ് മൂലം മരിച്ചു കുടുംബത്തിൽ 8 പേർക്കും കോവിഡ്