ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശിലെ മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിൻവലിച്ചു. സംഭവം വിവാദമായതോടെയാണ് അധികൃതർ ഉത്തരവ് പിൻവലിച്ചത്. റാലി റിപ്പോർട്ട് ചെയ്യാൻ എത്തുന്ന എല്ലാ ലേഖകരുടേയും, ഫോട്ടോഗ്രാഫർമാരുടേയും, വീഡിയോഗ്രാഫർമാരുടേയും പട്ടിക തയ്യാറാക്കാനും അവരുടെ സ്വഭാവം പരിശോധിച്ചതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സെപ്റ്റംബർ 29ന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലെയും ആകാശവാണിയിലെയും മാധ്യമ പ്രവർത്തകർക്ക് പോലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ നിർദ്ദേശം നൽകി. ഒക്ടോബർ ഒന്നിനകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനായിരുന്നു നിർദേശം. സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം തീരുമാനിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ കത്തിനെതിരെ സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് കത്ത് പിൻവലിക്കാൻ തീരുമാനിച്ചത്. ഓഫീസ് അശ്രദ്ധമായി കത്ത് നൽകിയതിൽ ഖേദിക്കുന്നതായും കത്ത് പിൻവലിച്ചതായും എല്ലാ മാധ്യമങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതർ പുതുതായി നൽകിയ നോട്ടീസിൽ വ്യക്തമാക്കി.
പി.ആർ.ഡി ശുപാർശ ചെയ്യുന്ന എല്ലാവർക്കും പാസുകൾ നൽകും. ഹിമാചൽ പ്രദേശ് പൊലീസ് മേധാവിയും വിവാദത്തിൽ അതൃപ്തി രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കഴിഞ്ഞ മാസം മോദിയുടെ റാലി മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോൺഗ്രസും എഎപിയും ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.