കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോടിയേരിയുടെ ജീവശ്വാസം അക്ഷരാർത്ഥത്തിൽ രാഷ്ട്രീയമായിരുന്നു. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്‍റെ സൗഹൃദം പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്കും വ്യാപിച്ചുവെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രായോഗിക രാഷ്ട്രീയത്തിന്‍റെ നയതന്ത്രവും കാർക്കശ്യവും ഒരുപോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി.  നിയമസഭാംഗം എന്ന നിലയിലും പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിലും കോടിയേരി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. രോഗത്തിന്‍റെ വേദനയിലും സ്വതസിദ്ധമായ പുഞ്ചിരിയോടെ എല്ലാറ്റിനെയും അതിജീവിക്കുമെന്ന ആത്മവിശ്വാസം കോടിയേരി തന്‍റെ ചുറ്റുമുള്ളവർക്ക് നൽകി. സി.പി.എമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തി. മരണവിവരം അറിഞ്ഞ് സംവിധായകൻ പ്രിയദർശനും ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് നടക്കും. തലശ്ശേരി ടൗൺഹാളിൽ വൈകിട്ട് മൂന്ന് മണി മുതൽ പൊതുദർശനം നടക്കും.

K editor

Read Previous

കോടിയേരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

Read Next

ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവ്; കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്റ്റാലിൻ