തുറക്കൽ കുളത്തിൽ കുളത്തല്ല്; വീഴാതെ പോരാടിയാൽ രണ്ട് ചാക്ക് അരി സമ്മാനം

തേഞ്ഞിപ്പലം: ഗ്രാമീണരിൽ ആവേശം പകർന്ന് ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല്. 4 റൗണ്ട് വരെ 4 മണിക്കൂറിനിടെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശക്തി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയം നേടിയത്. കുളത്തിന് കുറുകെയുള്ള മരത്തടിയിൽ 2 പേർ മുഖാമുഖം ഇരുന്ന് തലയണ കൊണ്ട് തല്ലിയായിരുന്നു മത്സരം.

ചിലർ സ്വന്തം തലയണ താഴെ വീണ് പുറത്തായി. മറ്റ് ചിലർ എതിരാളിയുടെ തലയണ പ്രയോഗത്തിനിടെ കുളത്തിൽ വീണു മത്സരത്തിൽ തോറ്റു. പലകുറി മത്സരിച്ച് ജയിച്ചു കയറിയ പി.അനന്തു സീനിയർ വിഭാഗം ജേതാവായി. അദ്ദേഹത്തിന് രണ്ട് ചാക്ക് അരി സമ്മാനമായി ലഭിച്ചു. ഒരു ചാക്ക് അരിയായിരുന്നു ജൂനിയർ വിഭാഗത്തിൽ വിജയിച്ച ചക്കുളങ്ങര ഹനാന് സമ്മാനം. ബി പോസിറ്റീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് ജലോത്സവത്തിന്റെ ഭാഗമായി കുളത്തല്ല് മത്സരം നടത്തിയത്.

ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി.ദേവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി അപ്പു അധ്യക്ഷത വഹിച്ചു. അടുത്തിടെ പുതുക്കിപ്പണിത കുളത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമീണരുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായാണ് ആദ്യമായി കുളത്തല്ല് മത്സരം നടന്നത്. അൻവർ പെടേങ്ങൽ, അനന്തു പറോളിൽ, ഷാഹിദ് പെടേങ്ങൽ, ജംഷീർ കാരാട്ട് എന്നിവർ നേതൃത്വം നൽകി.

K editor

Read Previous

വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

Read Next

കുവൈത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു