10000 രൂപക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം; 4ജി ഫോൺ നിർമാണം നിർത്തും

10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ മൂന്ന് മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മൊബൈൽ ഓപ്പറേറ്റർമാരുമായി സഹകരിക്കുന്നതിൽ ധാരണയായിട്ടുണ്ട്.

ഏകദേശം 75 കോടി ആളുകൾ ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഇതിൽ 10 കോടി ജനങ്ങൾക്ക് നിലവിൽ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകൾ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകൾ ഉപയോഗിക്കുന്നു. ഇവരെ വേഗത്തിൽ 5 ജി സേവനങ്ങൾക്ക് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.

K editor

Read Previous

കുറഞ്ഞ ചിലവിൽ കേരളത്തിലേക്ക് സർവീസ് നടത്താൻ സലാം എയർ; നിരക്ക് 22 റിയാല്‍ മുതൽ

Read Next

ഗുരു​ഗ്രാമിൽ പള്ളി ആക്രമിച്ച്, നമസ്കരിക്കാനെത്തിയവരെ മർദ്ദിച്ചു; കേസെടുത്ത് പൊലീസ്