കാസർകോട്ടെ സമ്പന്നരെ ഉയർത്തിക്കാട്ടി ഓൺലൈൻ തട്ടിപ്പ്

കാസർകോട്: സമ്പന്നരെ ഉയർത്തിക്കാട്ടിയും, കണക്കില്ലാതെ   പ്രശംസിച്ചും, കാസർകോട്ട് ഓൺലൈൻ ചാനൽ  തട്ടിപ്പ് വ്യാപകമായി.

കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലുള്ള രോഗികൾക്ക് നേരെ,  കേരള- കർണ്ണാടക  അതിർത്തി മണ്ണിട്ടു മൂടി കർണ്ണാടക കൊട്ടിയടച്ചപ്പോഴാണ് കാസർകോട്ട് സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രികൾ തുടങ്ങുന്നതിനെക്കുറിച്ച് ഓൺലൈൻ ചാനലുകൾ രംഗത്തുവന്നത്.

കാസർകോട്ട് വൻകിട സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രികൾ സ്ഥാപിക്കാൻ കഴിവുള്ള  സമ്പന്നരുണ്ടെന്ന്   കൊട്ടിഘോഷിച്ചാണ് ഏതാനും ഓൺലൈൻ ചാനലുകൾ 6 മാസം മുമ്പ്  രംഗത്തുവന്നത്.

കാസർകോട് ജില്ലക്കാരായ പത്തോളം സമ്പന്നരെ ഉയർത്തിക്കാട്ടി അവരെല്ലാം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാൻ സന്നദ്ധരാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഈ സമ്പന്നരുടെയെല്ലാം ചിത്രങ്ങൾ സഹിതമുള്ള പോസ്റ്റുകളാണ്  നാട്ടിലുള്ളവരും , ഇല്ലാത്തവരുമായ പ്രമുഖരെ ഉയർത്തിക്കാട്ടി  വാട്ട്സാപ്പ് ചാനലുകൾ രംഗത്തു വന്നത്.

ഓരോ സമ്പന്നനും കാസർകോട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയാൻ 500 കോടി രൂപ മുടക്കാൻ തയ്യാറാണെന്നും വാട്ട്സാപ്പ് ചാനൽ  തന്നെയാണ് ഓരോ സമ്പന്നന്റെയും പടങ്ങൾ സഹിതം വാട്ട്സാപ്പ് ഓൺലൈനിൽ പുറത്തുവിട്ടത്.

കോവിഡ് വ്യാപനത്തെ തുടർന്ന്   2020 മാർച്ച് 21 നാണ്  മോദി സർക്കാർ ഭാരതത്തിന്റെ ആകാശമടക്കമുള്ള സകല വാതിലുകളും കൊട്ടിയടച്ചത്.

ഒട്ടും വൈകാതെ കേരളത്തിൽ ആദ്യമായി  ഗൾഫിൽ നിന്ന് കോഴിക്കോട്ട് പറന്നിറങ്ങിയ  കാസർകോട് സ്വദേശിക്ക്   കോവിഡ് രോഗം  ഉറപ്പാക്കുകയും കേരളത്തിന്റെ ശ്രദ്ധ മൊത്തം കാസർകോട്ടേക്ക് തിരിയുകയും ചെയ്തിരുന്നു.

അത്യാസന്ന നിലയിലായ പത്തോളം രോഗികൾക്ക് മംഗളൂരു ആശുപത്രിയിലേക്കുള്ള വാതിൽ തലപ്പാടിയിൽ മണ്ണിട്ട്  കർണ്ണാടക അടച്ചിട്ടപ്പോഴാണ് കാസർകോട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങണമെന്നുള്ള ആശയം ഇതേ വാട്ട്സാപ്പ് ഓൺലൈൻ ചാനലുകൾ പുറത്തുവിട്ട് ചർച്ച കൊഴുപ്പിച്ചത്.

2020 മാർച്ചിലെ ലോക്ഡൗൺ ഇപ്പോൾ നീണ്ട 6 മാസക്കാലം പിന്നിട്ടിട്ടും, ഓൺലൈൻ വാട്ട്സാപ്പ് ചാനലുകൾ  കാസർകോട്ടെ സമ്പന്നരിൽ സമ്പന്നൻമാരാണെന്ന് സ്വയം പ്രഖ്യാപിച്ചവരിൽ ഒരാൾപോലും, നാളിതുവരെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്ന വ്യവസായത്തിന്റെ  രൂപ രേഖയിൽ പോലും തൊട്ടിട്ടില്ലെന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

വാട്ട്സാപ്പ് ചാനൽ, 500 കോടി രൂപ മുടക്കാൻ കഴിവുള്ള സമ്പന്നനാണെന്ന് പ്രഖ്യാപിച്ചവരിൽ ഒരു യുവാവ്  നായന്മാർമൂലയിൽ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുമെന്ന് ഓൺലൈൻ ചാനലിൽ  വിളംബരം ചെയ്തുവെങ്കിലും,  ഈ യുവ വ്യവസായി നാളിതുവരെ എന്താണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നു പോലും പഠിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

എങ്കിലും, ഈ യുവ വ്യവസായിയുടെ കൈയ്യിലുള്ള ഭൂമി  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ഏറെ പറ്റിയതാണെന്ന് യുവ വ്യവസായി പിന്നീട് പ്രഖ്യാപിക്കുകയും, തന്റെ വകയിൽ നായന്മാർമൂലയിലുള്ള ഏക്കർ കണക്കിന് പാറപ്പുറത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാൻ എളുപ്പമാണെന്ന് ഇതേ വാട്ട്സാപ്പ് ചാനലിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ പുത്തൻ വെളിപ്പെടുത്തലോടുകൂടി യുവാവിന്റെ ഉടമസ്ഥതയിൽ നായന്മാർമൂലയിലുള്ള ഏക്കർ കണക്കിന് പാറ സ്ഥലത്തിന്  കണക്കില്ലാതെ  വില ഉയരുകയും ചെയ്തു.

ഇപ്പോഴിതാ കാസർകോട് ജില്ലയുടെ വികസനത്തിന് കാസർകോട്ടെ സമ്പന്നരായ നാല്  വ്യാവസായികൾ ഒന്നിക്കുന്നുവെന്നും, കാസർകോട് ഡെവലപ്മെന്റ് ഫോറം നിലവിൽ വന്നുവെന്നും വിളംബരം ചെയ്തുകൊണ്ട് ആഗസ്ത് 17-ന് ട്രെൻഡ് ന്യൂസ് 24 എന്ന പുതിയൊരു വാട്ട്സാപ്പ് ചാനൽ മറനീക്കി പുറത്തു വന്നിരിക്കുന്നു.

നിരവധി സ്ത്രീകൾക്കും പുരുഷന്മാർക്കും തൊഴിലവസരം നൽകുന്ന ടെക്സ്റ്റയിൽ ഫാക്ടറി കാസർകോട്ട് ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി എന്ന് പുറത്തു വിട്ടു കൊണ്ടാണ് ട്രെൻഡ് ന്യൂസ് 24 ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്.

എൻ.ഏ. മുഹമ്മദ്, പി.ഏ. ഇബ്രാഹിംഹാജി, എൻ.ഏ. അബൂബക്കർ, കുദ്രോളി അബ്ദുറഹിമാൻ എന്നീ പ്രവാസികളെ അണിനിരത്തിയാണ് കാസർകോട് ഡവലപ്മെന്റ് ഫോറം നിലവിൽ വന്നുവെന്ന വ്യാജ പ്രചരണം ട്രെൻഡ് 24 ന്യൂസ്് പുറത്തു വിട്ടിട്ടുള്ളത്.

ലേറ്റസ്റ്റ് നടത്തിയ അന്വേഷണത്തിൽ കാസർകോട് ഡവലപ്മെന്റ് ഫോറം എന്നൊരു സംഘടന  നാളിതുവരെ രുപീകരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു.

ട്രെൻഡ് 24 ന്യൂസ് വാട്ട്സാപ്പുകളിൽ പ്രചരിപ്പിച്ച കാസർകോട്ടെ പ്രവാസി വ്യവസായികളിൽ കുദ്രോളി അബ്ദുൾ റഹിമാൻ ഒഴികെ പി.ഏ. ഇബ്രാഹിംഹാജി, എൻ.ഏ. മുഹമ്മദ്, എൻ.ഏ. അബൂബക്കർ എന്നിവർ കാസർകോട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന്  കാസർകോട്ടെ വാട്ട്സാപ്പ് ഓൺലൈൻ ചാനലുകൾ പുറത്തുവിട്ട തട്ടിപ്പിന് പിന്നാലെയാണ് ഇപ്പോൾ കാസർകോട് ഡവലപ്മെന്റ് ഫോറം എന്ന പുതിയ വാട്ട്സാപ്പ് ഓൺലൈൻ തട്ടിപ്പ്  പുറത്തു വന്നിട്ടുള്ളത്.

ലോക്ഡൗൺ കാലത്ത് ഇതേ രീതിയിൽ വാട്ട്സാപ്പ് ഓൺലൈൻ ചാനലുകൾ പുറത്തു വിട്ടതനുസരിച്ച് ഇപ്പോൾ കാസർകോട്ട് ചുരുങ്ങിയത് അഞ്ച് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെങ്കിലും ഉയർന്നു പൊങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്..

സമ്പന്നരെ ഉയർത്തിക്കാട്ടി വല്ലാതെ  പ്രശംസിക്കുകയും അവരിൽ നിന്ന് അച്ചാരം പറ്റുകയും ചെയ്യുക എന്നതാണ് ഇത്തരം ഓൺലൈൻ വാട്ട്സാപ്പ് ചാനലുകളുടെ മുഖ്യ ലക്ഷ്യം.

LatestDaily

Read Previous

അഞ്ചു കോൺ. മണ്ഡലം കമ്മിറ്റികളിൽ ഉണ്ണിത്താൻ പിടിമുറുക്കി

Read Next

ഫാഷൻ ഗോൾഡ് പരാതിയുറക്കം പോലീസ് ഉന്നതർ ഉറ്റുനോക്കുന്നു