ഓൺലൈൻ ചാനലുടമ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു

കാസർകോട്:  ഓൺലൈൻ വാർത്താചാനൽ വഴി മതസ്പർധയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിട്ട ഖാദർ കരിപ്പോടിക്കെതിരെ പരാതി കൊടുത്തത് ഖാദറിന്റെ സന്തത സഹചാരിയായ നൗഫൽ ഉളിയത്തടുക്ക.  ഖാദറിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വിദ്യാനഗർ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയാണ് നൗഫൽ ഉളിയത്തടുക്ക.

ഖാദറിന്റെ പരാതിപ്രകാരമുള്ള കേസ്സിൽ അറസ്റ്റിലായി റിമാന്റിൽക്കഴിഞ്ഞ നൗഫൽ ഉളിയത്തടുക്ക ചെമ്മനാട്ടെ മുഹമ്മദ് റഫീഖിന്റെ മരണം സംബന്ധിച്ച് ഖാദർ കരിപ്പോടിയുടെ ഓൺലൈൻ വാർത്താചാനലിലൂടെ പുറത്തുവിട്ട വാർത്തയ്ക്കെതിരെയാണ് പരാതി കൊടുത്തത്.  ഈ പരാതി പ്രകാരം കാസർകോട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തതോടെയാണ് ഖാദർ നാട്ടിൽ നിന്നും മുങ്ങിയത്. നൗഫൽ ഉളിയത്തടുക്ക ഖാദർ കരിപ്പോടിയുടെ ആത്മസുഹൃത്തും സന്തതസഹചാരിയുമായിരുന്നു. മറ്റൊരു കേസ്സിലകപ്പെട്ട് ജയിലിലായ നൗഫലിനെ ജാമ്യത്തിലിറക്കാൻ സഹായിച്ച ഖാദർ ഇതിന്റെ പേരിൽ നൗഫലിന്റെ ഭാര്യയെ വശത്താക്കാൻ ശ്രമിച്ചിരുന്നു. ഇവർ ഈ വിവരം ഭർത്താവായ നൗഫലിനെ അറിയിച്ചതോടെയാണ് ഇരുവരും തമ്മിൽ അകന്നത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി ഖാദർ കരിപ്പോടി നടത്തിയ വാട്സ്ആപ്പ് സെക്സ് ചാറ്റിന്റെ ദൃശ്യങ്ങളുപയോഗിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന ഖാദറിന്റെ പരാതിയിലാണ് നൗഫൽ ഉളിയത്തടുക്കയ്ക്കെതിരെ വിദ്യാനഗർ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.  ഈ കേസ്സിൽ റിമാന്റിലായിരുന്ന നൗഫൽ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് പബ്ലിക്ക് കേരള ഓൺലൈൻ ചാനൽ വഴി ഖാദർ കാസർകോട്ടെ മരണത്തെക്കുറിച്ച് വ്യാജ വാർത്ത പുറത്തുവിട്ടത്. തന്നെ ജയിയിലാക്കിയ ഖാദറിനെ കുടുക്കാൻ തക്കം പാർത്തിരുന്ന നൗഫൽ അവസരം മുതലെടുക്കുകയായിരുന്നു.

സംഘപരിവാറിനെ കടന്നാക്രമിച്ച് നിരന്തരം വാർത്തകൾ പുറത്തുവിട്ടിരുന്ന ഖാദർ കരിപ്പോടി കാസർകോട്ടെ സ്വകാര്യശുപത്രിക്ക് മുന്നിൽ ദേളി സ്വദേശി മുഹമ്മദ് റഫീക്ക് കുഴഞ്ഞുവീണ് മരിച്ച സംഭവം സംഘപരിവാറിന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമിച്ചത്.  സംഘപരിവാർ പ്രവർത്തകർ മുഹമ്മദ് റഫീക്കിനെ ആടിച്ചുകൊന്നുവെന്നാണ് പബ്ലിക്ക് കേരള ഓൺലൈൻ ചാനൽ വഴി പുറത്തുവിട്ട വാർത്ത.

ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് കാരണമാകുമായിരുന്ന വാർത്ത മുഹമ്മദ് റഫീക്കിന്റെ  പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ  വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.  വർഗ്ഗീയ ലഹളയുണ്ടാക്കുന്ന തരത്തിൽ നിരന്തരം വാർത്തകൾ പുറത്തുവിടുന്ന ഖാദർ കരിപ്പോടി പോലീസിനും തലവേദനയാണ്. കാസർകോട് പോലീസ് ഇൻസ്പെക്ടറുടെ യൂണിഫോമിൽ കയറിപ്പിടിച്ച് കയ്യേറ്റത്തിന് ശ്രമിച്ചതിലൂടെ വിവാദനായകനായ ഖാദർ ഈ കേസ്സിൽ റിമാന്റിൽ കഴിഞ്ഞിരുന്നു.

ഇതിന് പുറമെ വൈദ്യുതി വകുപ്പ് ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും ഖാദർ പ്രതിയാണ്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയപ്പോഴാണ് ഖാദർ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചത്. മതസ്പർധാ വാർത്തയിൽ കേസ്സെടുത്തതിനെത്തുടർന്ന് ഒളിവിലായ ഖാദർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്.

LatestDaily

Read Previous

ഖമറുദ്ദീന് ജാമ്യം നാട്ടിൽ വരാനാകില്ല

Read Next

അദാലത്തിൽ അർഹിക്കുന്ന പരിഗണന കിട്ടിയെന്ന് വീട്ടമ്മ