കാഞ്ഞങ്ങാട്: കോവിഡിനിടയിലും കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കി.
അജ്ഞാത കേന്ദ്രത്തിൽ നിന്നും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിക്കുന്ന കഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുകയാണ് പതിവ്.
ഇവർ ആവശ്യക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്തിച്ചു കൊടുക്കുന്നു. കൗമാരക്കാരാണ് കഞ്ചാവിന് ഏറെ ആവശ്യക്കാരായുള്ളത്. കാഞ്ഞങ്ങാട് നഗര പരിസരങ്ങളിലെയും തീരദേശ മേഖലകളിലെയും നിരവധി ചെറുപ്പക്കാർ കഞ്ചാവിന്റെ നിത്യ ആവശ്യക്കാരാണ്.
ഓൺലൈൻ വഴിയാണിപ്പോൾ പ്രധാനമായും ഇടപാട്. വാട്ട്സാപ്പുൾപ്പടെ സോഷ്യൽ മീഡിയ വഴി മെസ്സേജയച്ചാൽ കഞ്ചാവ് പൊതി ലക്ഷ്യസ്ഥാനത്തെത്തും. പണം അക്കൗണ്ടിൽ നിക്ഷേപിച്ചാലും ഏജന്റുമാർ കഞ്ചാവ് എത്തിച്ചു നൽകും.
പോലീസിന്റെ കണ്ണ് വെട്ടിക്കാനാണ് കഞ്ചാവ് ലോബികൾ ഇടപാടുകൾക്ക് പുതു വഴി സ്വീകരിച്ചിരിക്കുന്നത്.