ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിദ്യാഭ്യാസ രംഗത്ത് കേരളം ഉണ്ടാക്കിയെടുത്ത സ്ഥാനമാണ് വിവിധ മേഖലകളിൽ സംസ്ഥാനത്തിന് നേട്ടം ഉണ്ടാക്കാൻ ഉപകരിച്ചത്. ഇപ്പോഴത്തെ കൊവിഡ് പ്രതിരോധത്തിലെ മുന്നേറ്റം മുതൽ കേരളത്തെ ഏറ്റവുമധികം പ്രവാസി നിക്ഷേപമുണ്ടാക്കുന്ന സംസ്ഥാനമാക്കുന്നതിൽ വരെ ഇതിന് പങ്കുണ്ട്. അതേ സമയം കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഓൺലൈൻ ,വിദൂര വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവ സൃഷ്ടിക്കുന്നതിനായി കൂടുതൽ നിക്ഷേപം നടത്തേണ്ടതിലേക്കാണ് കൊവിഡ് മഹാമാരി വിരൽ ചൂണ്ടുന്നത്.
ഇത് കൃത്യമായി നടപ്പിലാക്കുകയാണെങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാനകേന്ദ്രമാക്കി മാറ്റാനും കഴിയും. എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്താൻ കഴിഞ്ഞ ആദ്യ സംസ്ഥാനമായി കേരളം മാറിയത് 2016ലാണ്. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഒരു പ്രൈമറി സ്കൂളും നാല് ചതുരശ്ര കിലോ മീറ്ററിനുള്ളിൽ ഒരു ഹൈസ്‌കൂളും ഇവിടെ ഉണ്ട്. എത്രത്തോളം പേർ സ്‌കൂളിൽ പോകുന്നു എന്നതിനെക്കാൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമാണ് സാമ്പത്തിക വളർച്ചയെയും തൊഴിൽ സൃഷ്ടിക്കുന്നതിനെയും സഹായിക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കേരളത്തിലെ 63 ശതമാനം വിദ്യാർത്ഥികൾ അടിസ്ഥാന ശാസ്ത്രത്തിലും 73 ശതമാനം വിദ്യാർത്ഥികൾ ഗണിത ശാസ്ത്രത്തിലും പിന്നിലാണെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. എൻജിനീയറിംഗ് കോളേജുകളിലെ 50 ശതമാനം പേരും 30 ശതമാനം മെഡിക്കൽ വിദ്യാർഥികളും പരീക്ഷയിൽ തോൽക്കുന്നു.
കേരളത്തിന് പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാകാം
വിദ്യാഭ്യാസ നിലവാരം ഉയർത്താനും നല്ല റിസർട്ട് ഉണ്ടാവാനും വിദൂര വിദ്യാഭ്യാസം പുതിയ സാദ്ധ്യത പ്രദാനം ചെയ്യുന്നു. രണ്ടു രീതിയിലുള്ള ഓൺലൈൻ വിദ്യാഭ്യാസമുണ്ട്. തത്സമയവും തത്സമയേതരവും. രണ്ടാമത്തെ വിഭാഗത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരേ സമയത്ത് വരണമെന്നില്ല. നേരത്തെ തയ്യാറാക്കിയ ക്ലാസിൽ മറ്റൊരു സമയത്തായിരിക്കും വിദ്യാർത്ഥികളിലെത്തുന്നത്. സൂം, ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം ,വെബെക്സ് തുടങ്ങിയ സമ്പ്രദായത്തിലൂടെ തത്സമയം ഓൺലൈൻ ക്ലാസ് നടത്തുന്നതാണ് മറ്രൊന്ന്. കൊവിഡ് വ്യാപനത്തോടെ ലോകമാകെ ഇ-ലേണിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നിവ വർദ്ധിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിലൂടെ സമയം കുറയ്ക്കാമെന്നും ചില ഗവേഷണങ്ങൾ തെളിയിക്കുന്നു.
കേരളത്തിന്റെ തനതായ വിദ്യാഭ്യാസ ശൈലി നിലനിറുത്തിക്കൊണ്ടുതന്നെ തത്സമയമല്ലാത്ത ഓൺലൈൻ വിദ്യാഭ്യാസം വ്യാപിപ്പിക്കണമെങ്കിൽ സോഫ്റ്റ് വെയറിലും ഹാർഡ് വെയറിലും ഇന്റർനെറ്റ് സൗകര്യങ്ങളിലും കൂടുതൽ നിക്ഷേപമാവശ്യമാണ്.
അതേ സമയം തത്സമയ ഓൺലൈ ൻ പഠനത്തിന് 360 ഡിഗ്രി കാമറയുള്ള ക്ലാസ് മുറികളും വിഡിയോ കോൺഫറൻസിംഗ് സൗകര്യവും ആവശ്യമുണ്ട്. വീഡിയോ കോൺഫറൻസിംഗ് വഴി സ്വകാര്യത നഷ്ടപ്പെടുമൊ എന്ന സംശയവും ഗൗരവമുള്ളതാണ്. വിദൂര വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തിന് മുൻകൂർ പരിചയമുണ്ട്. കണ്ണൂർ, കോഴിക്കോട് സർവകലാശാലകൾ ഇപ്പോൾ തന്നെ 17 ബിരുദ കോഴ്സുകളും 16 പി.ജി കോഴ്സുകളും നടത്തുന്നുണ്ട്. എം.ജി സർവകലാശാലയിലും കേരള സർവകലാശാലയിലും പ്രൈറ്റ് രജിസ്‌ട്രേഷൻ വഴി ബിരുദ കോഴ്സുകൾക്ക് ചേരാം.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം
കൊവിഡ് വ്യാപിച്ചതോടെ പലരാജ്യങ്ങളും വിദൂര വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. തത്സമയ രീതിയിലല്ലാത്ത ഓൺലൈൻ വിദ്യാഭ്യാസ രീതിയുടെ കാര്യക്ഷമതയും ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവര സാങ്കേതിക- വിനിമയ സൗകര്യവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വിയറ്റ്നാം ഇപ്പോൾ ചെയ്യുന്നത്. സിംഗപ്പൂരാകട്ടെ മൾട്ടിപാർട്ടി വീഡിയോ കോൺഫറൻസിംഗിനെ വെല്ലുന്ന തത്സമയ രീതിയിലുള്ള ലളിതമായ പോയിന്റ് ടു പോയിന്റ് ഓഡിയോ കോൺഫറൻസുകൾ ഉപയോഗിച്ചുള്ള പഠനരീതി ശക്തിപ്പെടുത്തുകയാണിപ്പോൾ.
കേരളത്തിൽ വളരെ പ്രസക്തമായ ടെലിമെഡിസിനിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുന്ന മാതൃകകളാണി ത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തിന് വിദൂര വിദ്യാഭ്യാസ മേഖലയെ കൂടുതൽ സജീവമാക്കാൻ കഴിയും. വ്യവസായ മേഖലയുടെ സഹകരണത്തോടെ ഈ ക്ലാസുകളുടെ സാങ്കേതിക ഗുണനിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തണം. ഇതിനായി തയ്യാറാക്കിയ പരിപാടികളുടെ മൂല്യനിർണയരീതിയും കരിക്കുലം മാർഗനിർദ്ദേശങ്ങളും പുനപരിശോധനയ്ക്ക് വിധേയമാക്കണം.
പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാകാം
സ്‌കൂൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം എല്ലാ വീടുകളിലും ലാപ് ടോപ് ഉണ്ടായിരിക്കുമോ എന്ന കാര്യം സംശയമാണ്. കെനിയ, പെറു, തായിലാൻഡ് , ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലെ രാജസ്ഥാൻ ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും എല്ലാ സ്‌കൂൾ കുട്ടികൾക്കും ലാപടോപ് അല്ലെങ്കിൽ ടാബ് ലറ്റുകൾ എത്തിച്ചിട്ടുണ്ട്. അടുത്തതായി, നാട്ടിലെയും വിദേശത്തെയും വിദ്യാർത്ഥികൾക്ക് ആശ്രയിക്കാൻ കഴിയുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ കേരളത്തിന് നടത്താൻ കഴിയും.
മറൈൻ ബയോളജി, ഫിഷറീസ്, ടെക്സറ്റയിൽസ്, ആയുർവേദം, ഇക്കോളജി തുടങ്ങിയ മേഖലകളിലുള്ള നമ്മുടെ നേട്ടവും എടുത്തുകാട്ടാം. ഇവിടെയും ഗുണനിലവാരത്തിനാണ് പ്രാമുഖ്യം നൽകേണ്ടത്. അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കുന്നതോടെ അതിനുള്ള ക്ഷമത നമുക്ക് കൈവരും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫൊർ എഡ്യൂക്കേഷന്റെ ( കൈറ്റ്) കൂൾ എന്ന പദ്ധതി ഇതിനുദാഹരണമാണ്.
ഇവരുടെ ഓൺലൈൻ ഓപ്പൺ പഠനസംവിധാനത്തെ അദ്ധ്യാപകരെയും കുട്ടികളെയും നാട്ടുകാരെയും പരിശീലിപ്പിക്കാൻ ഉപയോഗിക്കാം.തത്സമയ വീഡിയോ കോൺഫറൻസിംഗ് കൂടി ഈ തത്സമയേതര ഓൺലൈൻ ക്ലാസിനു ഉപയോഗിക്കാം. ശരിയായ രീതി തിരഞ്ഞെടുക്കുകയാണെങ്കിൽ കേരളത്തിന് ഇന്നത്തെ മഹാമാരിയിൽ നിന്ന് പുറത്തു കടക്കാനും ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി മാറാനും കഴിയും.