ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയ്ക്ക് പിടിവീഴുന്നു; നോട്ടീസ് നൽകി കേന്ദ്രം

കണ്ണൂര്‍: ഓൺലൈൻ മരുന്ന് വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഇടപെടൽ. ഓണ്‍ലൈന്‍, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി മരുന്ന് വിൽക്കുന്നവർക്ക് കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധവ്യാപാരമെന്ന നിലയിലാണ് നോട്ടീസ്. ഉത്തരവ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാർക്കും കൈമാറി. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഡ്രഗ്സ് കൺട്രോളറുടെ നടപടി. രാജ്യത്ത് ഇരുപതോളം കമ്പനികൾ ഓൺലൈൻ മരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മരുന്നുകളുടെ ഓൺലൈൻ വിൽപ്പനയ്ക്ക് കൃത്യമായ നിയമമോ നിയന്ത്രണമോ ഇല്ല എന്നതാണ് പോരായ്മ.

ഡോക്ടർമാരുടെ കുറിപ്പടിയും ഫാർമസിസ്റ്റിന്‍റെ മേൽനോട്ടവുമില്ലാതെ മരുന്നുകൾ വിൽക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നിട്ടുണ്ട്. കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് 1945 എന്നിവ പ്രകാരം മരുന്നുകളുടെ ഓൺലൈൻ വിൽപ്പന അനുവദനീയമല്ല.

K editor

Read Previous

സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി; മഹാരാഷ്ട്രയിൽ രമേഷ് ബൈസ്

Read Next

തിരഞ്ഞെടുപ്പില്‍ 3 പാർട്ടികളും സീറ്റ് വാഗ്‍ദാനം ചെയ്‍തു; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി