ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: ആൾക്കൂട്ടത്തിലേക്ക് ഏകനായെത്തി അവരെയെല്ലാം കൈയ്യിലെടുത്ത് മടങ്ങുകയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ലീഗിലെ ഏകെഎം. അഷ്റഫ്. മഞ്ചേശ്വരത്തെ ഏറ്റവും വലിയ ജുമാ മസ്ജിദുകളിൽ ഒന്നാണ് ഉദയ നഗർ ജമാഅത്ത് പള്ളിയെന്ന ആയിരം ജമാഅത്ത് പള്ളി. ദേശീയപാതയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ ആയിരം ജുമാ മസ്ജിദിലെത്താം.
പേരുപോലെ തന്നെ ജുമുഅ നമസ്ക്കാരത്തിനായി ആയിരങ്ങൾ തടിച്ചുകൂടിയിരിക്കുന്നു. ഇന്നലെ വെള്ളിയാഴ്ച ആയിരം ജുമാമസ്ജിദിൽ പ്രാർത്ഥനയ്ക്കെത്തിയ ആയിരങ്ങളിൽ ഒരാളാണ് ഏകെഎം. അഷ്റഫ്. ജുമുഅ നിസ്ക്കാരം ആരംഭിക്കുന്നതിന് 10 മിനിറ്റ് മുമ്പ് സുഹൃത്തിനൊപ്പം അഷ്റഫ് പള്ളിയിലെത്തി. നിസ്ക്കാരം കഴിഞ്ഞ് നേരെ പുറത്ത് പള്ളി ഗേറ്റിന് സമീപം റോഡിൽ ആദ്യമെത്തിയവരോട് വോട്ട് ചോദിച്ചു.
എല്ലാവരും തലയാട്ടിയും പുഞ്ചിരിച്ചും കടന്നുപോയി. പ്രാർത്ഥന കഴിഞ്ഞ് കൂടുതൽ ആളുകൾ എത്തിയതോടെ സ്ഥാനാർത്ഥിക്ക് ആദ്യം അനുഭവപ്പെട്ട ആലസ്യം പൂർണ്ണമായും മാറി. വരുന്നവരെല്ലാം പിന്തുണ അറിയിച്ചതോടെ സ്ഥാനാർത്ഥിക്കും ആവേശമായി. കുശലം പറയാനും ഒപ്പംകൂടി ഫോട്ടോയെടുക്കാനും തിക്കിതിരക്കുന്നവരുടെ എണ്ണവും ഏറി. കാണുന്നവർക്കെല്ലാം കൈകൊടുത്തും പുഞ്ചിരിച്ചും ഒരു മണിക്കൂറിലേറെ നേരം പള്ളിപ്പരിസരത്ത് വോട്ടഭ്യർത്ഥന നീണ്ടു. പലരേയും പേരെടുത്ത് വിളിച്ച് പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. പള്ളിയിലെത്തിയ പ്രായമായവർക്കും സ്ഥാനാർത്ഥിയെ കണ്ടപ്പോൾ ആവേശം. അവരും കുറേനേരം സ്ഥാനാർത്ഥിക്കൊപ്പം കൂടി കുശലം പറഞ്ഞും ഒപ്പം നിന്ന് ഫോട്ടോയെടുത്തും മടങ്ങി.
നമസ്ക്കാരം കഴിഞ്ഞുവന്ന ഒരു കൂട്ടം കുട്ടികളെ വാരിപ്പുണർന്ന് സ്നേഹം പങ്കിട്ടു. ഒടുവിൽ നാട്ടുകാരെയാകെ കൈയ്യിലെടുത്ത് അഷറഫ് മഖാമിൽ പ്രാർത്ഥിച്ചു. മഞ്ചേശ്വരത്തിന്റെ ഉൾഗ്രാമങ്ങളിൽ രാവിലെ തുടങ്ങി ഉച്ചവരെ പ്രചാരണ പ്രവർത്തനം. സ്ഥാനാർത്ഥിക്കൊപ്പം ഒരാൾ മാത്രം. പ്രധാന ക്ഷേത്രങ്ങളും മസ്ജിദുകളും ചർച്ചും സ്ഥാനാർത്ഥി സന്ദർശിച്ചു. മണ്ഡലത്തിലെ പ്രധാന വ്യക്തികൾ, സുഹൃത്തുക്കൾ ചെറിയ ആൾക്കൂട്ടങ്ങൾ എല്ലാവരോടും വോട്ടു ചോദിച്ചു.
അത്യുത്തര കേരളത്തിലെ സപ്ത ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്തിന്റെ എല്ലാ പ്രദേശവും നാട്ടുകാരനായ അഷറഫിന് സ്വന്തം നാട് തന്നെയാണ്. രാവിലെ 7-30ന് വീട്ടിൽ നിന്നുമിറങ്ങും. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായി യുവജന രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് രണ്ടുപതിറ്റാണ്ടുകാലമായി പ്രവർത്തിക്കുന്ന അഷറഫിനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമെ പറയാനുള്ളു. മണ്ഡലത്തിന്റെ ഇന്നലെകളിൽ സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിച്ചു. തന്നെ നാട് കൈവിടില്ലെന്ന് ഏകെഎം അഷ്റഫ് ഉറച്ച് വിശ്വസിക്കുന്നു.