മന്ത്രി ഉദ്ഘാടനം ചെയ്ത ഓണച്ചന്ത പോലീസ് മേധാവി പൂട്ടിച്ചു

പോലീസിനെതിരെ കൃഷി വകുപ്പ്

കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കൃഷിവകുപ്പിന്റെ ഓണച്ചന്ത അരമണിക്കൂറിനകം പോലീസ് പൂട്ടിച്ചതിനെ തുടർന്ന് പോലീസിനെതിരെ കൃഷിവകുപ്പ് രംഗത്തെത്തി.

നോർത്ത് കോട്ടച്ചേരി തെക്കേപ്പുറത്ത് അജാനൂർ കൃഷിഭവൻ തുറന്ന പച്ചക്കറിക്കടയാണ്  പോലീസ് മേധാവി ഡി.ശിൽപ്പയുടെ നിർദ്ദേശപ്രകാരം പൂട്ടിയത്.

കോവിഡ്-19 പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിന്നതിനെ തുടർന്നാണ് പോലീസ് നടപടി. ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത കട ഉദ്ഘാടനം ഓൺലൈൻ വഴിയാണ് മന്ത്രി ചന്ദ്രശേഖരൻ നിർവ്വഹിച്ചത്.

ഇതിനു ശേഷം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും കടയ്ക്ക് മുന്നിൽ കൂട്ടംകൂടി നിന്നിരുന്നു. ഇത് വഴി പോയ ജില്ലാ പോലീസ് മേധാവി ആൾക്കൂട്ടത്തെ നേരിൽകണ്ടാണ് കടയ്ക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

കൃഷി വകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെ, സർക്കാർ പരിപാടിയാണ് നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും പോലീസ് മേധാവി വഴങ്ങിയില്ല. കേസുൾപ്പെടെ നടപടിയെടുക്കാനും ഹൊസ്ദുർഗ്ഗ് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് നടപടികൾ പിന്നീട് ഒഴിവാക്കി.

ഔട്ട്്ലെറ്റിന്റെ മുൻ ഭാഗത്ത് കയർ കെട്ടിയും, സാമൂഹിക അകലം  പാലിച്ചും കടകൾ തുറക്കാമെന്ന് പോലീസ് മേധാവി നിർദ്ദേശിക്കുകയും ചെയ്തു.

എന്നാൽ പോലീസ് അനാവശ്യമായി കട പൂട്ടിച്ചതായാണ് കൃഷി വകുപ്പുദ്യോഗസ്ഥർ വിശദീകരിക്കുന്നത്. റോഡരികിൽ ആളുകൾ കൂട്ടം കൂടി നിന്നത് കടയിലാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് നടപടി സ്വീകരിച്ചതെന്നായിരുന്നു അജാനൂർ കൃഷി ഓഫീസർ സി.വി.ആർജിത വിശദീകരിച്ചത്.

എന്നാൽ മുഖം  നോക്കാതെയുള്ള പോലീസ് നടപടി നാട്ടുകാരുടെ കൈയ്യടി നേടി.

LatestDaily

Read Previous

വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

Read Next

കാസർകോട് മീൻ വണ്ടിയിലെത്തിയ കഞ്ചാവ് നാട്ടുകാർ പിടികൂടി