ഒാണക്കിറ്റ് : പാവപ്പെട്ടവരുടെ വയറ്റത്തടിച്ച് പ്രതിപക്ഷം

കാഞ്ഞങ്ങാട് :സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഒാണക്കിറ്റിനെച്ചൊല്ലി വിവാദമുണ്ടായതോടെ കിറ്റ്  വിതരണം പാതി വഴിയിൽ. മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് ഒാണക്കിറ്റ് ലഭിച്ചെങ്കിലും ബാക്കിയുള്ളവരുടെ കിറ്റ്  എപ്പോൾ ലഭിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല.

11 ഇനങ്ങളടങ്ങിയ സൗജന്യ ഒാണക്കിറ്റാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത് . കിറ്റിലടങ്ങിയ ശർക്കരയ്ക്ക്  തൂക്കക്കുറവുണ്ടെന്ന ആരോപണവുമായി  പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സംഭവത്തിൽ വിജിലൻസ്  അന്വേഷണമുണ്ടായത്.ഇതെത്തുടർന്ന് കിറ്റ് വിതരണം പാതിവഴിയിൽ നിലച്ച മട്ടാണ്.

പ്രതിപക്ഷത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയക്കളിമൂലം മുൻഗണനേതര ലിസ്റ്റിൽപ്പെട്ട ലക്ഷക്കണക്കിന് റേഷൻ ഉപഭോക്താക്കളുടെ സൗജന്യ ഒാണക്കിറ്റ് ഒാണത്തിന് മുമ്പ് ലഭിക്കാൻ സാധ്യത കുറഞ്ഞിരിക്കുകയാണ് . പായ്ക്ക് ചെയ്ത സാധനങ്ങൾ വീണ്ടും തൂക്കി അളവ് കൃത്യമാക്കണമെന്ന്  ഭക്ഷ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിൽ കിറ്റ് വിതരണം ഇനിയും  നീളാനാണ് സാധ്യത.

കോവിഡ് കാലത്ത് സാമ്പിത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സൗജന്യ ഒാണക്കിറ്റ് . ഫലത്തിൽ ഈ ഒാണക്കിറ്റന്റെ വിതരണം ഇല്ലാതാക്കാനാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ശ്രമിച്ചത്. ഒാണക്കിറ്റിന്റെ  വിലയെച്ചൊല്ലിയും നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്.

500  രൂപ വിലവരുന്ന സാധനങ്ങളാണ്  മുഖ്യമന്ത്രി പ്രഖ്യാപിച്ച സൗജന്യ ഒാണക്കിറ്റിലുള്ളത് . പഞ്ചസാര , ശർക്കര, എണ്ണ, പയർ, പരിപ്പ്, കറിപ്പൊടികൾ  പപ്പടം, പായസത്തിനുള്ള സാധനങ്ങൾ എന്നിവയടങ്ങിയ  സൗജന്യ ഒാണക്കിറ്റ് പൊതു ജനങ്ങളുടെ ചുണ്ടത്തു നിന്ന് തട്ടിമാറ്റുന്ന തരത്തിലുള്ള ഹീനമായ രാഷ്ട്രീയക്കളിയാണ് കിറ്റ് വിതരണത്തിൽ പ്രതിപക്ഷം കൈക്കൊണ്ടതെന്ന്  ആക്ഷേപമുയർന്നിട്ടുണ്ട് .

മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഒാണക്കിറ്റിന്റെ  വിതരണം സംസ്ഥാനത്ത് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്  . ഇനി വെള്ള റേഷൻ കാർഡുകളുടെ ഉടമകൾക്കുളള കിറ്റ് വിതരണമാണ്  നടക്കേണ്ടത്. നിസ്സാരമായ സാങ്കേതിക കാരണങ്ങൾ കൊണ്ട്  മാത്രം മുൻഗണനാ ലിസ്റ്റിൽ നിന്ന് പിന്തളളപ്പെട്ടവരാണ് ഇത്തരം റേഷൻ കാർഡുകളുടെ ഉടമകൾ.

ഇവരുടെ വയറ്റത്തടിക്കുന്ന വിധത്തിൽ  ഒാണക്കിറ്റ് വിതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷ കക്ഷികൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

LatestDaily

Read Previous

നഗരസഭാ ശുചിമുറിഅടച്ചു: യാത്രക്കാർ നെട്ടോട്ടത്തിൽ

Read Next

കോവിഡ് സ്രവ പരിശോധനയിൽ ജില്ലാശുപത്രിയും സ്വകാര്യാശുപത്രികളും തമ്മിൽ ഒത്തുകളി