തിരുവോണമടുത്തു; വ്യാപാര മേഖലയിൽ മാന്ദ്യം

കാഞ്ഞങ്ങാട്: തിരുവോണത്തിന് ആറ് നാൾ മാത്രം ബാക്കിയിരിക്കെ വ്യാപാര മേഖലയിൽ മറ്റൊരിക്കലും ഇല്ലാത്തവിധം മാന്ദ്യം. ജനങ്ങളുടെ കയ്യിൽ പണമില്ലാത്തതും, കോവിഡ് കാലത്തെ അടച്ചിടലിലുണ്ടായ ഞെരുക്കം വിട്ടുമാറാതെ തുടരുന്നതുമാണ് വ്യാപരാ മേഖലയിൽ ഇത്രയേറെ മാന്ദ്യം അനുഭവപ്പെടാൻ ഇടയാക്കുന്നത്.

കടകൾ മുഴുവൻ തുറക്കാൻ അനുമതി കിട്ടിയെങ്കിലും, ഓണ വിപണിയിലെ നിർജ്ജീവാവസ്ഥയ്ക്ക് മാറ്റം വരാത്തത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിട്ടുണ്ട്. നേരത്തെ ഭാഗികമായി മാത്രം കടകൾ തുറന്നപ്പോൾ, തുറക്കുന്ന ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന വൻ തിരക്ക് ഇന്ന് എവിടെയും കാണാനില്ല. നാളെയും വാങ്ങാമല്ലോ എന്ന ഉപഭോക്താക്കളുടെ മനോഭാവം കയ്യിൽ പണമെത്തുന്നത് വരെ തുടരും.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിബന്ധന കർശനമാക്കിയതും, വ്യാപാരിയും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കരുതണമെന്നറിയിച്ചതും ഉപഭോക്താക്കൾ കുറയാൻ കാരണമായതായി വ്യാപാരിയും പറയുന്നു. മലബാറിൽ ഏറ്റവുമധികം ജനത്തിരക്കുണ്ടാവുന്ന കോഴിക്കോട് മിഠായിതെരുവ്,  അത്യുത്തര കേരളത്തിന്റെ വ്യാപാര സിരാകേന്ദ്രമായ കാഞ്ഞങ്ങാട് നഗരം എന്നിവിടങ്ങളിൽ ഇതുവരെ കച്ചവട തിരക്കില്ല.

തെരുവ് കച്ചവടക്കാർക്കും കച്ചവടം കുറവാണ്. വലിയ വാടകയും വൈദ്യുതി നിരക്കും നൽകി കച്ചവടം നടത്തുന്ന വ്യാപാരികളുടെ ആവലാതികൾ പരിഹരിക്കാനുള്ള നടപടികളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ബാങ്ക് മുഖേന വായ്പകൾ നൽകുമെന്ന സർക്കാർ പ്രഖ്യാപനമൊന്നും വ്യാപാര മേഖല ഉണർത്താൻ പര്യാപ്തമല്ല. കടംകൊണ്ട് വലയുന്ന കച്ചവടക്കാർ ഇനിയും പലിശ നൽകി വായ്പയെടുത്ത് ഉത്തേജിപ്പിക്കണമെന്ന സർക്കാർ സമീപനം വ്യാപാരികളെ കൂടുതൽ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്.

മുഴുവൻ കടകളും തുറക്കാൻ അനുമതി നേടി സംസ്ഥാനത്തെങ്ങുമുള്ള വ്യാപാരികൾ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് എല്ലാ കടകളും തുറക്കാൻ അനുമതി കിട്ടിയത്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതും വാക്സിൻ കിട്ടാതെ ജനങ്ങൾ പ്രയാസപ്പെടുന്നതും ജനങ്ങളെ പുറത്തിറങ്ങുന്നതിൽ നിന്നും പിന്നോട്ടടിപ്പിക്കുന്നു. കഴിഞ്ഞ വിഷുവിനും രണ്ട് പെരുന്നാളുകൾക്കും കടകൾ തുറക്കാൻ പരിമിതമായ തോതിൽ അനുമതി കിട്ടിയെങ്കിലും, കെട്ടികിടക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞിരുന്നില്ല.

പ്രാരാബ്ദങ്ങൾക്കിടയിലും പുതിയ സ്റ്റോക്ക് എത്തിച്ചാണ് വ്യാപാരികൾ ഇടപാടുകാരെ പ്രതീക്ഷിക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ വ്യാപാരികൾക്ക് നിർണ്ണായമാണ്. ഇതെത്ര കണ്ട് പ്രയോജനപ്പെടുമെന്ന് ആശങ്ക നിലനിൽക്കുന്നു. ഉപഭോക്താക്കൾ എത്തിയില്ലെങ്കിൽ ഓണം കഴിഞ്ഞാലും വ്യാപാരികളുടെ പ്രതിസന്ധി തുടരും.

LatestDaily

Read Previous

വാഹനാപകടത്തിൽ മരിച്ച ചൈതന്യയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു

Read Next

പൂക്കോയയുടെ ജാമ്യാപേക്ഷയിൽ കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടി