74-ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ നിറവിൽ രാജ്യം; ഈജിപ്ത് രാഷ്ട്ര തലവൻ മുഖ്യാതിഥി

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. ഈജിപ്ത് രാഷ്ട്ര തലവൻ അബ്ദുൽ ഫത്താഹ് അൽ സീസിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. ഇതാദ്യമായാണ് ഈജിപ്ഷ്യൻ രാഷ്ട്രത്തലവൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.

കരസേന, നാവികസേന, വ്യോമസേന, വിവിധ അർദ്ധസൈനിക വിഭാഗങ്ങൾ, എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ എന്നിവർ പരേഡിൽ പങ്കെടുക്കും. പരേഡ് നടക്കുന്ന പ്രധാന റോഡിന്റെ പേര് ‘രാജ്പഥ്’ എന്നതിൽ നിന്ന് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. ‘നവ ഇന്ത്യ’, ‘സ്ത്രീ ശാക്തീകരണം’ എന്നീ വിഷയങ്ങൾ മുൻ നിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്തിന്‍റെ സായുധ സേനയും ബാൻഡ് ടീമും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആറ് ഫ്ലോട്ടുകളും ഈ വർഷത്തെ പരേഡിൽ അണിനിരക്കും. വന്ദേ ഭാരത് നൃത്തമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 479 കലാകാരൻമാർ അണിനിരക്കുന്ന സംഗീത നൃത്ത വിരുന്നും പരേഡിൽ ഉണ്ടായിരിക്കും. ഇത് രണ്ടാം തവണയാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതല മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നത്. മൂന്ന് സേനകളുടെയും വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റാണ് മറ്റൊരു പ്രധാന ആകർഷണം. ഇത്തവണ ഒമ്പത് റാഫേൽ യുദ്ധവിമാനങ്ങൾ ഫ്ലൈപാസ്റ്റിന്‍റെ ഭാഗമാകും.

K editor

Read Previous

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വി.പി അപ്പുക്കുട്ടന്‍ ‍പൊതുവാളിന് പത്മശ്രീ

Read Next

അധോലോക കഥയുമായി കന്നഡ ചിത്രം ‘കബ്‍സ’; മാർച്ച് 17 ന് പാൻ ഇന്ത്യൻ റിലീസ്