പൊലീസ് സേനയിലെ ഒലി ഓർമ്മയായി

ഉത്തർപ്രദേശ് : ഉത്തർ പ്രദേശ് പോലീസ് സേനയിലെ നായയായ ഒലി ഓർമ്മയാകുന്നു. ഉത്തർപ്രദേശിൽ ഗോണ്ട പൊലീസ് സേനയുടെ സ്ക്വാഡ് ടീമിൽ അംഗമായിരുന്നു ഒലി. കഴിഞ്ഞ 10 വർഷമായി പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ച നായയാണ് ഒലി. ഒലിയുടെ മരണത്തോടെ, വകുപ്പിന് ഏറ്റവും വിശ്വസ്തനായ ഒരു സേവകനെയാണ് നഷ്ടപ്പെട്ടത്. ഒലിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് പൊലീസ് സേനയും അഡീഷണൽ പൊലീസ് സൂപ്രണ്ടും ആദരാഞ്ജലികൾ അർപ്പിച്ചു.

അടുത്ത കാലത്തായി പല പ്രധാനപ്പെട്ട കേസുകളിലും ഒലി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിലും പ്രധാന തെളിവുകൾ കണ്ടെത്തുന്നതിലും ഒലിയുടെ പങ്ക് വളരെ വലുതാണ്. മാത്രവുമല്ല, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലും അവൻ മിടുക്കനായിരുന്നു. ഒലിയെക്കുറിച്ച് പറയുമ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകൾ നനഞ്ഞിരുന്നു. 2011 മാർച്ച് 10നാണ് ഒലി ജനിച്ചത്. ഗ്വാളിയോറിലെ തേക്കൻപൂരിലെ നാഷണൽ ഡോഗ് ട്രെയിനിംഗ് സെന്ററിലായിരുന്നു അവന്റെ പരിശീലനം. ഡോഗ് ട്രെയിനർ തുളസി സോങ്കറിന്‍റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.

സ്ഫോടകവസ്തുക്കളുടെ മണം പിടിക്കാനും കണ്ടെത്താനും അവർ അവനെ പഠിപ്പിച്ചു. ആറുമാസത്തെ പരിശീലനമായിരുന്നു അത്. അതിനുശേഷം, 2012 ജൂൺ 17ന്, ഒലിയെ ലോക്കൽ പോലീസ് ലൈനിൽ കോൺസ്റ്റബിൾ റാങ്കിൽ പ്രവേശിപ്പിച്ചു.

അടുത്ത പത്തുവർഷം ഒലിയുടെ കരിയർ സംഭവബഹുലമായിരുന്നു. പല പ്രധാന കേസുകളിലും ഒലി നിർണ്ണായക പങ്ക് വഹിച്ചു. 2014 ഏപ്രിലിൽ കോട്‌വാലി നഗറിനു കീഴിലുള്ള ടോപ്‌ഖാന പ്രദേശത്ത് ഒളിപ്പിച്ചു വച്ചിരുന്ന വൻ വെടിമരുന്ന് ശേഖരം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒലിയാണ്. അതുപോലെ, 2015 ഒക്ടോബറിൽ, ഖർഗുപൂർ പട്ടണത്തിൽ ഇഷ്ടികകൾക്കും കല്ലുകൾക്കുമിടയിൽ കുഴിച്ചിട്ട വെടിമരുന്ന് കൂമ്പാരം ഒലി കണ്ടെത്തി. 2016 മെയ് മാസത്തിൽ ബഹ്റൈച്ച് ജില്ലയിലെ കോട്‌വാലി നഗർ പൊലീസ് സ്റ്റേഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒലി ബോംബ് കണ്ടെത്തിയിരുന്നു. 

K editor

Read Previous

നിങ്ങളെ സ്വാധീനിച്ച യാത്ര ഏത്? മത്സരവുമായി മൈക്ക് അണിയറപ്രവര്‍ത്തകര്‍

Read Next

മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ