ജനുവരി ഒന്നുമുതൽ പഴയ ഡീസൽ ഓട്ടോയ്ക്ക് നിരത്തിലിറങ്ങാനാവില്ല

കാഞ്ഞങ്ങാട്: 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോകൾ 2021 ജനുവരി ഒന്ന് മുതൽ നിരത്തിലിറക്കാൻ പറ്റില്ലെന്ന ഉത്തരവ് പ്രാബല്യത്തിലാകാൻ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ, പെരുവഴിയിലാവുന്ന ഓട്ടോ ഡ്രൈവർമാർ ഹരജിയുമായി ഹൈക്കോടതിയിൽ. കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം പഴയ ഡീസൽ ഓട്ടോയുടെ ഡ്രൈവർമാരാണ് കേന്ദ്ര- സംസ്ഥാന സർക്കാറിനെതിരെ, ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.

കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി 1500 ഓളം പഴയ ഡീസൽ ഓട്ടോകൾ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന ഡ്രൈവർമാരുണ്ടെന്നാണ് കണക്ക്. പുതുവർഷം മുതൽ ഇവരെല്ലാം വീട്ടിലിരിക്കേണ്ടിവരും. 15 വർഷം കഴിഞ്ഞ മുഴുവൻ വാഹനങ്ങളും നിരത്തിലിറങ്ങാൻ പാടില്ലെന്ന സർക്കാറിന്റെ മുൻ തീരുമാനം തിരുത്തി പിന്നീട് ഡീസൽ ഓട്ടോയ്ക്ക് മാത്രമായി നിയമം പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. ബസ്സുകൾക്കുള്ള പെർമിറ്റ് 15 എന്നത് മാറ്റി 20 വർഷത്തേക്ക് നീട്ടി നൽകിയിരുന്നു.

തങ്ങൾക്കുംഇരുപത് വർഷത്തെ സർവ്വീസ് കാലാവധി നീട്ടി നൽകണമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം. പഴയ ഡീസൽ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയ്ക്ക് കാഞ്ഞങ്ങാട്ട് രൂപം നൽകിയിട്ടുണ്ട്. വാട്ട്സാപ്പ് കൂട്ടായ്മയാണിത്. സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ വഴി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും.

LatestDaily

Read Previous

പൂക്കോയ മുങ്ങിയിട്ട് ഒരു മാസം. എംഎൽഏ ഇപ്പോഴും റിമാന്റിൽ

Read Next

നഗരസഭ 36,37– വാർഡുകളിൽ ഇടതു–വലതു ഇടനിലക്കാർ വഴി വോട്ട് കച്ചവടം