ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഓൺലൈൻ ബുക്കിംഗ് വഴി സ്വകാര്യ ബാറുകളിൽ നിന്ന് വാങ്ങിക്കുന്ന വിദേശമദ്യത്തിന് കൂടുതൽ വില ഈടാക്കുന്നു. വെബ്ക്യു ആപ്പ് വഴി ഒടയഞ്ചാലിലെ ബാറിലേക്ക് ടോക്കൺ ലഭിച്ച ഭീമനടി സ്വദേശിയായ യുവാവിനോട് അര ലിറ്റർ വിദേശ മദ്യത്തിന് അമിത വില ഈടാക്കിയെന്നാണ് പരാതി. ജൂൺ 6 നാണ് ഓൺലൈൻ ബുക്കിംഗ് വഴി യുവാവ് ഒടയഞ്ചാൽ ബാറിൽ നിന്നും അരലിറ്റർ വിദേശ മദ്യം വാങ്ങിയത്. വാങ്ങിയ അരലിറ്റർ ഓൾഡ് കാസ്ക് റമ്മിന് 460 രൂപയാണ് വില ഈടാക്കിയത്. പിറ്റേ ദിവസം യുവാവ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റിൽ നിന്ന് ഓൺലൈൻ ബുക്കിംഗ് വഴി വാങ്ങിയ ഇതേ ബ്രാന്റിന് 380 രൂപയാണ് വില ഈടാക്കിയത്. വിലയിലെ ഈ അന്തരത്തെക്കുറിച്ചറിയാൻ യുവാവ് ഒടയഞ്ചാലിലെ ബാറിലേക്ക് വിളിച്ചന്വേഷിച്ചപ്പോൾ നേരിൽക്കാണാനാവശ്യപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം ബാറിലെത്തിയിരുന്നു. ബാർ നടത്തിപ്പുകാർ തന്നെ വിളിച്ചു വരുത്തി അപമാനിച്ച് തിരിച്ചയച്ചുവെന്നാണ് യുവാവിന്റെ ആക്ഷേപം. ബാർ നടത്തിപ്പുകാർക്കെതിരെ അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് യുവാവ്. 80 രൂപയാണ് അരലിറ്റർ മദ്യത്തിന് ഒടയഞ്ചാൽ ബാർ നടത്തിപ്പുകാർ ഭീമനടി സ്വദേശിയിൽ നിന്നും അധികമായി ഈടാക്കിയത്.