ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം ഡിസംബർ 31 വരെ നീട്ടി. നവംബർ 30ന് ക്ലാസുകൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിന്റെ തീരുമാനം. ഒക്ടോബർ 31ന് ശേഷം പ്രവേശനം നേടുന്നവരെ പ്രത്യേക ബാച്ചായി കണക്കാക്കി ക്ലാസുകൾ നടത്തണമെന്ന ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ നിർദ്ദേശം സംസ്ഥാനത്ത് നടപ്പാക്കില്ല. ഡിസംബർ 31 വരെ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ആരോഗ്യ സർവകലാശാല നടത്തും.
എ.എൻ.എം., ജി.എൻ.എം., ബി.എസ്.സി,എം.എസ്.സി, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി. കോഴ്സുകളിലേക്കുള്ള പ്രവേശന തീയതികളാണ് പുനഃക്രമീകരിച്ചത്. ഈ വർഷത്തെ പ്രവേശനത്തിനുള്ള സമയം ഒക്ടോബർ 31 ന് അവസാനിക്കുന്ന രീതിയിലായിരുന്നു നഴ്സിംഗ് കൗൺസിലിന്റെ ഷെഡ്യൂൾ.
പ്രവേശന സമയം ഡിസംബർ 31 വരെ നീട്ടണമെന്ന് മാനേജ്മെന്‍റുകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് പ്രവേശന തീയതി നീട്ടിയെങ്കിലും നവംബർ ഒന്നു മുതൽ പ്രവേശനം നേടുന്നവരെ ഇറെഗുലർ ബാച്ചായി പരിഗണിച്ച് സ്പെഷ്യൽ ക്ലാസുകൾ നടത്തണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. കൗൺസിലിന്‍റെ നിർദ്ദേശം അപ്രായോഗികമാണെന്നും സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗം ചേർന്നത്.