കാഞ്ഞങ്ങാട്ട് ക്വാറന്റീനിൽ പ്രവാസികൾക്ക് പീഡനം

NRI

കാഞ്ഞങ്ങാട് :    ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി തിരിച്ചെത്തിയ  12 പേർ ക്ക് കാഞ്ഞങ്ങാട്ടെ ക്വാറന്റൈൻ കേന്ദ്രത്തിൽ നരകജീവിതം.  28ന് പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെട്ട് രാത്രി 7 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ സംഘം മണിക്കൂറുകൾ നീണ്ട  പരിശോധനകൾക്കൊടുവിലാണ് കാഞ്ഞങ്ങാട്ടെത്തിയത്. ദുബായിൽ നിന്നുമെത്തിയ   കാസർകോട് സ്വദേശികളായ 19 അംഗ സംഘത്തിലെ  7 പേർ  സ്വയം ക്വാറന്റൈൻ  ചെലവ് വഹിക്കാമെന്ന് ഏറ്റതോടെ നേരത്തെ  തന്നെ വിമാനത്താവളം വിട്ടിരുന്നു.  മറ്റുള്ളവരെ   കെ.എസ്.ആർ.ടി.സി. ബസ്സിലാണ് ജില്ലയിലേക്ക് കൊണ്ടുവന്നത്. ക്വാറന്റൈൻ ചെലവ് വഹിക്കാൻ കൈയ്യിൽ പണമില്ലാതിരുന്ന  12 പേരെയാണ്  കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജിൽ  താമസിപ്പിച്ചിരിക്കുന്നത്. വിമാനം ഇറങ്ങിയതുമുതൽ ഒരു തുളളി വെള്ളം പോലും  കിട്ടാതെയാണ് പന്ത്രണ്ടുപേർ  കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ  നരയാതന അനുഭവിക്കുന്നത്. തീർത്തും വൃത്തിഹീനമായ  തരത്തിലുള്ള മുറികളാണ് തങ്ങൾക്ക് അനുവദിച്ചുകിട്ടിയതെന്നാണ് കാഞ്ഞങ്ങാട്ടെ ക്വാറന്റൈൻ കേന്ദ്രത്തിലുള്ളവരുടെ  പരാതി.  തങ്ങളെ അധികൃതർ ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ  പരാതിപ്പെടുന്നു. ഇന്നലെ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ  സംഘം ഇന്ന് പുലർച്ചെ 1.45 മണിക്കാണ് കാഞ്ഞങ്ങാട്ടെത്തിയത്. പുലർച്ചെ കാഞ്ഞങ്ങാട്ടെത്തിയ സംഘത്തിന് ഉച്ചയ്ക്ക് 12 മണിവരെ ഭക്ഷണമൊന്നും  കിട്ടില്ലെന്നും,  ഇവർ ലേറ്റസ്റ്റ് ഓഫീസിൽ വിളിച്ച്  പരാതിപ്പെട്ടു.  ഒരു ദിവസത്തെ  മുറി വാടക മാത്രം  2000 രൂപ മുതൽ  2500 രൂപവരെയാണെന്ന്  കാസർകോട് ജില്ലാതിർത്തിയായ ചെക്ക്  പോസ്റ്റിലെ   ഉദ്യോഗസ്ഥർ പറഞ്ഞതായി കാഞ്ഞങ്ങാട് സ്വകാര്യലോഡ്ജിൽ  കഴിയുന്നവർ പറഞ്ഞു. കയ്യിൽ കാശില്ലാതെ വിദേശത്തു നിന്നും തിരിച്ചെത്തിയവരാണ്  തങ്ങളെന്നും, ക്വാറന്റൈൻ ചെലവ് വഹിക്കാൻ  യാതൊരു നിർവ്വാഹവുമില്ലാത്തതിനെതുടർന്നാണ്  സർക്കാറിന്റെ സൗജന്യ ക്വാറന്റൈൻ സഹായം ആവശ്യപ്പെട്ടതെന്നുമാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജുകളിൽ കഴിയുന്നവർ പറഞ്ഞത്.

LatestDaily

Read Previous

അഞ്ജനയുടെ മരണത്തിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് ഗോവ പോലീസ്

Read Next

എം.പി. വീരേന്ദ്രകുമാർ കാഞ്ഞങ്ങാട്ട് പങ്കെടുത്ത അവസാന പരിപാടി ചന്ദ്രശേഖരൻ സ്മാരക പുരസ്ക്കാര സമർപ്പണം