റേഷൻകടകളിൽ കേന്ദ്ര ഭക്ഷ്യധാന്യം ബോധ്യപ്പെടുത്താൻ ഇനി രസീത്

തിരുവനന്തപുരം: റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താൻ’ പ്രത്യേക രസീത് നൽകും. സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പ്രത്യേകമായി എന്തെങ്കിലും സാധനങ്ങൾ നൽകുന്നുണ്ടെങ്കിൽ, അതിനായി പ്രത്യേക രസീതും നൽകണം. ഇത് സംബന്ധിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്ന മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കായി കേന്ദ്രസർക്കാർ ജനുവരി മുതൽ ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.

ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിൻ്റെ മുഴുവൻ സബ്സിഡി തുകയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്നും റേഷൻ കടകളിലെ ഇപോസ് മെഷീനിൽ നിന്ന് പ്രിന്റ് ചെയ്യുന്ന രസീതിൽ രേഖപ്പെടുത്തും. കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷനുകളുടെ പ്രത്യേക ബയോമെട്രിക് ഡാറ്റാ ശേഖരണം റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇപോസ് മെഷീനിൽ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിൽ, മുൻഗണനാ വിഭാഗം കാർഡുകൾക്ക് സാധാരണ റേഷൻ ലഭിക്കാനും കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ രണ്ടു തവണയായി വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. ഇ പോസ് ശൃംഖലയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ‘അന്നവിതരൺ’ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള സെർവർ വഴി റേഷൻ വിതരണത്തിന്‍റെ വിവരങ്ങൾ നേരിട്ട് കേന്ദ്രത്തിന് ശേഖരിക്കാനാണ് ഇത് ആരംഭിച്ചത്.

K editor

Read Previous

റാലിക്കിടെ മരണം; ആന്ധ്രപ്രദേശിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്

Read Next

2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും